ലക്നൗ: ആറാം വയസ്സിൽ തട്ടിക്കൊണ്ടു പോയ കുട്ടി 30 വർഷം കഴിഞ്ഞ് തിരിച്ചെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. ഗാസിയാബാദിലെ ഒരു കുടുംബത്തിൽ നിന്നും 1993 ൽ കാണാതായ കുട്ടിയാണ് താനെന്ന് അവകാശപ്പെട്ട് എത്തിയ ഭീം സിങ് എന്ന രാജു യഥാർഥത്തിൽ ആ കുടുംബത്തിലെ കുട്ടിയല്ലെന്നാണ് കണ്ടെത്തൽ. മാത്രമല്ല, ഇയാൾ ഒരു സ്ഥിരം തട്ടിപ്പുകാരനാണെന്നും പൊലീസിന് വ്യക്തമായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കുടുംബം ഡിഎൻഎ ടെസ്റ്റ് നടത്തിയതോടെയാണ് ഇയാൾ തങ്ങൾക്ക് 30 വർഷം മുമ്പ് നഷ്ടപ്പെട്ട മകനല്ലെന്ന് ബോധ്യമായത്. ഇതോടെ പൊലീസും ഇയാളെ കുറിച്ച് വിശദമായി അന്വേഷണം നടത്തുകയും മുൻകാലങ്ങളിൽ ഇയാൾ നടത്തിയ തട്ടിപ്പുകൾ ബോധ്യമാകുകയുമായിരുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് രാജ്യമാകെ ചർച്ച ചെയ്ത പുനസമാഗമം നടന്നത്. 30 വർഷങ്ങൾക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ കുട്ടി ആടുകൾക്കൊപ്പം വർഷങ്ങളോളം കഴിഞ്ഞ ശേഷം കുടുംബവുമായി ഒത്തുചേർന്നുവെന്നായിരുന്നു വാർത്ത. എന്നാൽ, ഇതുപോലെയുള്ള കാര്യങ്ങൾ പറഞ്ഞ് വിവിധ വീടുകളുമായി ബന്ധം സ്ഥാപിച്ച് അവിടെ മോഷണങ്ങൾ നടത്തുന്നതാണ് ഇയാളുടെ തൊഴിലെന്നും പോലീസ് പറഞ്ഞു.
1993 ൽ ഏഴ് വയസ്സുള്ളപ്പോൾ തന്നെ തട്ടികൊണ്ടുപോയെന്ന് സ്ഥാപിച്ചാണ് കഴിഞ്ഞയാഴ്ച ഇയാൾ ഗാസിയാബാദിലെ ഒരു കുടുംബത്തിൽ കയറിപ്പറ്റിയത്. പോലീസിനോടും രാജു തന്റെ കുടുംബത്തെ കണ്ടെത്തണമെന്ന സഹായം അഭ്യർഥിച്ചിരുന്നു. കഴിഞ്ഞയാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി ഗാസിയാബാദിലെ ഒരു കുടുംബത്തൊടൊപ്പം പോവുകയും ചെയ്തിരുന്നു.
രാജസ്ഥാൻ സ്വദേശിയായ ഇയാൾ നേരത്തെ കയറിപ്പറ്റിയ ഒരു കുംടുംബത്തിലെ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും വീട്ടിൽ നിന്ന് മോഷണം നടത്തിയതോടെ 2005-ൽ ആ വീട്ടിൽ നിന്ന് പുറത്താക്കിയിയിരുന്നു. ഒൻപതോളം വീടുകളിൽ വിവിധ പേരുകളിൽ കഴിഞ്ഞ് ഇയാൾ മോഷണം നടത്തി. പഞ്ചാബ്, രാജസ്ഥാനിലെ ജയ്സാൽമർ, ഹരിയാണ എന്നിവിടങ്ങളിൽ തട്ടിപ്പ് നടത്തിയ രാജുവിനെ 2021-ൽ അറസ്റ്റ് ചെയ്ത് ജയിലിലും അടച്ചിരുന്നു.