
ചെങ്ങന്നൂർ: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നായ എം.സി റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം സ്വാഗതാർഹമാണെങ്കിലും വികസനത്തിന്റെ പേരിൽ നിലവിൽ വ്യാപാരം നടത്തുന്നവരെ പ്രതിസന്ധിയിലാക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു.
റോഡ് വികസനം നാടിന്റെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപാര-വാണിജ്യ മേഖലയുടെ വളർച്ചയ്ക്കും ഏറെ പ്രയോജനകരമാണ്. എന്നാൽ, പതിറ്റാണ്ടുകളായി എം.സി റോഡിനെ ആശ്രയിച്ച് വ്യാപാരം നടത്തി ഉപജീവനം കണ്ടെത്തുന്ന ആയിരക്കണക്കിന് ചെറുകിട-ഇടത്തരം വ്യാപാരികളുടെ താൽപ്പര്യങ്ങൾ കൂടി വികസന പദ്ധതിയിൽ പരിഗണിക്കണം. റോഡ് വികസനവുമായി ബന്ധപ്പെട്ട് കടകളും വ്യാപാര സ്ഥാപനങ്ങളും ഒഴിപ്പിക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണം. റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തണം. ഭൂമി ഏറ്റെടുക്കൽ, കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ, പ്രവേശന സൗകര്യങ്ങൾ തടസ്സപ്പെടൽ തുടങ്ങിയ വിഷയങ്ങളിൽ വ്യാപാര സൗഹൃദ നിലപാടുകളും പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണവും സർക്കാർ ഉറപ്പാക്കണം.
വികസനത്തിന്റെ ഭാഗമായി വ്യാപാരികൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ലഘൂകരിക്കുന്നതിനുള്ള നടപടികളും സർക്കാർ പരിഗണിക്കണം.
നാടിന്റെ വികസനത്തിനും വ്യാപാരികളുടെ നിലനിൽപ്പിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കേണ്ടത്. വ്യാപാരികളെ വികസനത്തിന്റെ ഇരകളാക്കാതെ അവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് എം.സി റോഡ് വികസന പദ്ധതി നടപ്പാക്കണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു.
ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവെൻഷനും തെരഞ്ഞെടുപ്പ് പൊതുയോഗവും ഉൽഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാജു അപ്സര .ജില്ലാ ജനറൽ സെക്രട്ടറി വർഗ്ഗീസ് വല്ലാക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ വൈസ് പ്രസിഡൻ്റ് അനിൽ എസ്.അമ്പിളി സ്വാഗതം ആശംസിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ.എസ്.മുഹമ്മദ്, ജില്ലാ സെക്രട്ടറിമാരായ സുനീർ ഇസ്മയിൽ, റഷീദ് പടിപ്പുരക്കൽ, വേണുഗോപാലക്കുറുപ്പ്, ജേക്കബ് വി.സ്കറിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എൻ.അനിരുദ്ധൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചെങ്ങന്നൂർ നിയോജക മണ്ഡലം ഭാരവാഹികൾ അനിൽ എസ്.അമ്പിളി (രക്ഷാധികാരി )
ജേക്കബ് വി.സ്കറിയ (പ്രസിഡൻ്റ്)
വേണുഗോപാലക്കുറുപ്പ് (വർക്കിംഗ് പ്രസിഡൻ്റ്) റഷീദ് പടിപ്പുരക്കൽ (ജനറൽ സെക്രട്ടറി) കോശി ഈശോ (ട്രഷറർ) പി.എസ്.ബിനുമോൻ, ജോർജ് തോമസ് (വൈസ് പ്രസിഡൻ്റ് മാർ) പി.കെ.ഗംഗാധരപിള്ള, രഞ്ജിത് ചെങ്ങന്നൂർ, റനീസ് വെൺമണി, നജീം പി.കെ.എൻ. (സെക്രട്ടറിമാർ)










