10:11pm 22 April 2026
NEWS
വനിതാ സംരംഭകര്‍ക്ക് പ്രത്യേക വ്യവസായ മേഖല വേണം രാജു അപ്‌സര
22/04/2026  08:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വനിതാ സംരംഭകര്‍ക്ക് പ്രത്യേക വ്യവസായ മേഖല വേണം രാജു അപ്‌സര
HIGHLIGHTS

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  വനിതാ വിങ് സംസ്ഥാന കമ്മിറ്റി എറണാകുളം ചെറായി ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച വനിതാവിംഗ് സംസ്ഥാന  നേതൃ പരിശീലന ക്യാമ്പ് (ഷീ പവര്‍ കോണ്‍ക്ലേവ് ) ഏകോപസമിതി സംസ്ഥാന പ്രസിഡന്റ് രാജൂ അപ്‌സര ഉദ്ഘാടനം ചെയ്യുന്നു. പി.സി ജേക്കബ്ബ്,  ശ്രീജ ശിവദാസ, ജമീല ഇസ്സുദ്ദീന്‍, ഷൈന ജോര്‍ജ്, സണ്ണി പൈമ്പിള്ളില്‍ തുടങ്ങിയവര്‍ സമീപം

കൊച്ചി:  കേരളത്തില്‍ വനിതാ സംരംഭകരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി  പ്രത്യേക വ്യവസായ മേഖലകള്‍  സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്  രാജു അപ്‌സര ആവശ്യപ്പെട്ടു. ഏകോപന സമിതി വനിതാ വിങ് സംസ്ഥാന കമ്മിറ്റി എറണാകുളം ചെറായി ബീച്ച് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച വനിതാവിംഗ് സംസ്ഥാന  നേതൃ പരിശീലന ക്യാമ്പ് (ഷീ പവര്‍ കോണ്‍ക്ലേവ്  2026) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും മുന്നിലുള്ള കേരളത്തില്‍, വനിതകളുടെ തൊഴില്‍ പങ്കാളിത്തം അവരുടെ കഴിവിനും സാധ്യതകള്‍ക്കും അനുസൃതമായി ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യം മാറ്റുന്നതിനായി സര്‍ക്കാര്‍ നയപരമായ ഇടപെടലുകള്‍ അനിവാര്യമാണ്.  ഭൂമി ലഭ്യത, ധനസഹായം, വിപണി കണ്ടെത്തല്‍, പരിശീലനം എന്നിവയില്‍ വനിതാ സംരംഭകര്‍ നേരിടുന്ന തടസങ്ങള്‍ മറികടക്കുന്നതിനായി പ്രത്യേക വ്യവസായ പാര്‍ക്കുകള്‍ക്ക് സാധിക്കും. ഈ ആശയം നടപ്പിലാക്കുന്നതിലൂടെ വനിതാ സംരംഭകത്വം ഗണ്യമായി വര്‍ദ്ധിക്കുകയും, പുതുതായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും, സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂടുകയും ചെയ്യുമെന്നും രാജു അപ്‌സര ചൂണ്ടിക്കാട്ടി. കൂടാതെ, സര്‍ക്കാര്‍ വാങ്ങലുകളില്‍ വനിതാ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കുകയും, പ്രത്യേക ധനസഹായ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്യണം.  പദ്ധതിയുടെ നോഡല്‍ ഏജന്‍സികളായി കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര എന്നിവയെ ചുമതലപ്പെടുത്തി, പൈലറ്റ് അടിസ്ഥാനത്തില്‍ കുറഞ്ഞത് മൂന്ന് ജില്ലകളില്‍ പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ് അധ്യക്ഷത വഹിച്ചു.  വനിതാ കോ-ഓര്‍ഡിനേറ്റര്‍ പി. സി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍, എറണാകുളം ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, വനിതാവിംഗ്  ജനറല്‍ സെക്രട്ടറി ജമീല ഇസ്സുദ്ദീന്‍, ട്രഷറര്‍ ഷൈന ജോര്‍ജ്, വര്‍ക്കിംഗ് പ്രസിഡന്റ് സാലി ജേക്കബ്, വൈസ് പ്രസിഡന്റ് മാരായ ജയാ പീറ്റര്‍, രേഖ മോഹന്‍ദാസ്, സരസ്വതി, ശാന്ത മോഹന്‍, നസീമ ഇല്യസ്, ജാസ്മിന്‍കുഞ്ഞു മുഹമ്മദ തുടങ്ങിയവര്‍ പ്രസംഗിച്ചു   (23.04.26) നടക്കുന്ന  ക്യാമ്പില്‍ നാഷണല്‍ ട്രെയിനര്‍ പ്രവീണ്‍ ചിറയത്ത് മോട്ടിവേഷന്‍ ക്ലാസ് നയിക്കും.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img