
കൊച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ തീവ്രമായി തുടരുകയാണെങ്കിലും ഇന്ത്യയില്‍ എല്‍പിജി, പെട്രോള്‍, ഡീസല്‍, വളങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ടെന്നും അവശ്യവസ്തുക്കളുടെ വിതരണം രാജ്യത്ത് സുഗമമാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
പശ്ചിമേഷ്യന്‍ സംഘര്‍ഷ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഡല്‍ഹിയില്‍ ചേര്‍ന്ന അനൗപചാരിക മന്ത്രിതല സമിതിയുടെ (ഐജിഒഎം) മൂന്നാമത്തെ യോഗത്തില്‍ പ്രതിരോധ മന്ത്രി അധ്യക്ഷത വഹിച്ചു. അവശ്യവസ്തുക്കളുടെ ലഭ്യത തടസപ്പെട്ടുണ്ടാകാവുന്ന പ്രാദേശിക സംഘര്‍ഷങ്ങളുടെ ആഘാതത്തില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള നടപടികള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തു.
എക്സിലെ ഒരു പോസ്റ്റില്‍ രാജ്നാഥ് സിംഗ് പറഞ്ഞു: 'പശ്ചിമേഷ്യയെക്കുറിച്ചുള്ള മന്ത്രിതല സംഘത്തിന്റെ മൂന്നാമത്തെ യോഗത്തിന് നേതൃത്വം നല്‍കി. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ അവലോകനം ചെയ്തു. എല്‍പിജി, പെട്രോള്‍, ഡീസല്‍, കര്‍ഷകര്‍ക്ക് വളങ്ങള്‍ എന്നിവയുടെ തുടര്‍ച്ചയായ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കുകയും രാജ്യത്ത് അവശ്യവസ്തുക്കളുടെ വിതരണം സുഗമമാക്കുകയും ചെയ്യുന്നു. സംഘര്‍ഷത്തിന്റെ ആഘാതത്തില്‍ നിന്ന് നമ്മുടെ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അസാധാരണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.'
പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ 24 മണിക്കൂറും നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ഐജിഒഎം യോഗത്തില്‍ സിംഗ് ഊന്നിപ്പറഞ്ഞു. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഐജിഒഎമ്മില്‍ വിശദീകരിച്ചു. സംഘര്‍ഷത്തിന്റെ അനുബന്ധമായുണ്ടാകാവുന്ന പ്രതികൂല ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള അടുത്ത നടപടികളെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തതായി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Photo Courtesy - Google











