
ലഖ്‌നൗ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ശസ്ത്രക്രിയാവിദഗ്ധരുടെ കൃത്യതയോടെയാണ് ഇന്ത്യൻ സൈന്യം നീങ്ങിയതെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം. തോൽവി സമ്മതിക്കാൻ കൂട്ടാക്കാത്ത പാകിസ്ഥാൻ ഇന്ത്യയുടെ നേർക്ക് പ്രത്യാക്രമണങ്ങൾക്ക് മുതിർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സാദാരണക്കാരെയും ആരാധനാലയങ്ങളെയുമാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്. അതേസമയം, ഇന്ത്യ നടത്തിയ ആക്രമണത്തിൽ സാദാരണക്കാർക്ക് അപായമുണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ഒരു പ്രമുഖ ആശുപത്രിയുടെ വാർഷികാഘോഷപരിപാടിയിൽ പങ്കെടുക്കവെയാണ് രാജ്‌നാഥ് സിങ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പരാമർശിച്ചത്.
രാജ്‌നാഥ് സിങ്ങിന്റെ വാക്കുകൾ ഇങ്ങനെ:
"വൈദഗ്ധ്യമുള്ള ഡോക്ടർമാരെയും ശസ്ത്രക്രിയാവിദഗ്ധരെയും പോലെയാണ് നമ്മുടെ സേനകൾ പ്രവർത്തിച്ചത്. അസുഖബാധിതമായ ശരീരഭാഗത്ത് എത്രത്തോളം കൃത്യമായാണ് ഒരു സർജൻ ശസ്ത്രക്രിയാ ഉപകരണങ്ങൾ പ്രയോഗിക്കുന്നത് അത്രത്തോളം കൃത്യമായാണ് ഭീകരപ്രവർത്തനത്തിന്റെ വേരറുക്കുന്ന വിധത്തിൽ നമ്മുടെ സേനകൾ ആഞ്ഞടിച്ചത്", രാജ്യത്തിലെ ജനങ്ങളുടെ ആരോഗ്യത്തേയും രാജ്യസുരക്ഷയേയും സംരക്ഷിക്കുന്നതിലൂടെ ഇന്ത്യയുടെ രണ്ട് സുപ്രധാന മേഖലകളെ പരിപാലിക്കുന്ന വിശിഷ്ടമായ കർത്തവ്യമാണ് ഡോക്ടർമാരും സൈനികരും ചെയ്തുപോരുന്നതെന്ന് വിശദീകരിച്ച് രാജ്‌നാഥ് സിങ് പറഞ്ഞു.
"ഡോക്ടർമാരും സൈനികരും കഠിനമായ പരിശീലനം നേടുന്നു, സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നു. അടിയന്തരഘട്ടങ്ങളിൽ ചടുലവും ഗൗരവതരവുമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നു. കോവിഡ് 19 ന്റെ കാലത്ത് ഡോക്ടർമാരുടെ ഭാഗത്തുനിന്ന് നാം കാണാനിടയായ അതേ പ്രതിബദ്ധതയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് സൈനികരുടെ ഭാഗത്തുനിന്ന് നമുക്ക് കാണാൻ സാധിച്ചത്", അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർമാർ രോഗികളെ ചികിത്സിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭീകരവാദമെന്ന രോഗത്തിനുള്ള ചികിത്സയാണ് പ്രതിരോധമന്ത്രാലയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.











