
കാസർകോട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയുടെ തലപ്പത്ത് “ഫ്രോഡുകൾ” ഉണ്ടെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. സംശുദ്ധമായ രാഷ്ട്രീയ സംസ്കാരമില്ലെങ്കിൽ കോൺഗ്രസ് പാർട്ടി തകരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ന്യൂസ്18-നോട് പ്രതികരിക്കവെയാണ് കോൺഗ്രസ് നേതൃത്വത്തെ കുറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്.
പാർട്ടിക്ക് സമഗ്രമായ ആത്മപരിശോധനയും തിരുത്തലുകളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി സെക്രട്ടറിയായിരുന്ന ഒരാൾ തന്റെ വാഹനത്തിൽ നിന്ന് ഒരു ലക്ഷം രൂപ മോഷ്ടിച്ചെന്ന ഗുരുതര ആരോപണവും രാജ്മോഹൻ ഉണ്ണിത്താൻ ഉന്നയിച്ചു. ഇത്തരക്കാരെ സ്ഥാനങ്ങളിൽ എത്തിച്ചതിന് പിന്നിൽ ഉന്നത തല ബന്ധങ്ങൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഉൾപ്പെടെ ചിലർക്കും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമെന്ന സൂചനയും അദ്ദേഹം നൽകി.
പാർട്ടിക്കുള്ളിലെ ഇത്തരം പ്രവണതകൾക്കെതിരെ തുറന്നുപറയേണ്ടത് നിർബന്ധമാണെന്നും, അധികാരം ലഭിച്ചതിന് ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. “രാഷ്ട്രീയം എന്റെ ഉപജീവനമാർഗമല്ല. അതുകൊണ്ട് ആരെയും പേടിക്കേണ്ട സാഹചര്യമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വ്യക്തികളുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, പാർലമെന്റ് അംഗങ്ങൾക്ക് ടിക്കറ്റ് നൽകരുതെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു. അങ്ങനെ ചെയ്താൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻവിജയം ഉറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 100 സീറ്റുകൾ പ്രവചിച്ചപ്പോൾ, യുഡിഎഫ് 111 സീറ്റുകൾ നേടുമെന്നാണ് തന്റെ വിലയിരുത്തൽ എന്ന് ഉണ്ണിത്താൻ പറഞ്ഞു. 1977-ൽ കെ കരുണാകരന്റെ നേതൃത്വത്തിൽ നേടിയ വിജയം ആവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











