08:09pm 21 June 2026
NEWS
കെപിസിസി അധ്യക്ഷനാകാൻ താനാണ് ഏറ്റവും യോഗ്യനെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
21/06/2026  05:30 PM IST
nila
കെപിസിസി അധ്യക്ഷനാകാൻ താനാണ് ഏറ്റവും യോഗ്യനെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ  എന്നിവർക്കാണ് അദ്ദേഹം ഇ-മെയിൽ സന്ദേശം അയച്ചത്. നിലവിൽ അധ്യക്ഷ സ്ഥാനത്തിനായി പരിഗണിക്കപ്പെടുന്നവരേക്കാൾ താൻ കൂടുതൽ യോഗ്യനാണെന്ന് ഉണ്ണിത്താൻ അവകാശപ്പെട്ടു. 

ജാതിസമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ നേതൃനിരയെ നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാഷ്ട്രീയ പാരമ്പര്യം, പ്രവർത്തന പരിചയം, സംഘടനാ കഴിവ് എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1978 മുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്ന താൻ കെഎസ്‌യു, യൂത്ത് കോൺഗ്രസ്, സേവാദൾ അഖിലേന്ത്യാ സെക്രട്ടറി, കെപിസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് വക്താവ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ഈ അനുഭവസമ്പത്ത് പരിഗണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും അസംബ്ലി മണ്ഡലങ്ങളിലെയും പ്രവർത്തകരുമായി അടുത്ത ബന്ധമുള്ള നേതാവായിരിക്കണം കെപിസിസി അധ്യക്ഷനാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറം പാർട്ടിയോടാണ് തന്റെ പ്രതിബദ്ധതയെന്നും പിന്തുണ നേടാൻ പിആർ സംവിധാനങ്ങളെയോ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെയോ ആശ്രയിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. എംപിമാരെയും എംഎൽഎമാരെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന സാഹചര്യത്തിൽ ആ കൂട്ടത്തിൽ ഏറ്റവും അനുഭവസമ്പന്നനും യോഗ്യനുമാണ് താനെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചു.

സംസ്ഥാനത്ത് എൽഡിഎഫിന്റെ ശക്തമായ സംഘടനാ സംവിധാനത്തെ നേരിടാൻ കരുത്തുറ്റ നേതൃത്വമാണ് കോൺഗ്രസിന് ആവശ്യമെന്നും തന്റെ രാഷ്ട്രീയ പാരമ്പര്യവും ജനങ്ങൾക്കിടയിലെ സ്വീകാര്യതയും അതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടന എത്രയും വേഗം നടപ്പാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img