09:47pm 07 November 2026
NEWS
ഇന്ദിരാ ഗാന്ധി ഉള്ളിൽ ഒരു ജനാധിപത്യവാദിയായിരുന്നുവെന്ന് സോണിയ ​ഗാന്ധി; അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ എതിർത്തത് രാജീവ്, പിന്തുണച്ചത് സഞ്ജയ്
07/11/2026  09:35 PM IST
nila
ഇന്ദിരാ ഗാന്ധി ഉള്ളിൽ ഒരു ജനാധിപത്യവാദിയായിരുന്നുവെന്ന് സോണിയ ​ഗാന്ധി; അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ എതിർത്തത് രാജീവ്, പിന്തുണച്ചത് സഞ്ജയ്

അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തുറന്നുപറഞ്ഞ് സോണിയ ഗാന്ധി. ആ തീരുമാനത്തിൽ ഇന്ദിരയ്ക്കും പിന്നീട് പശ്ചാത്താപമുണ്ടായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്നും സോണിയ വ്യക്തമാക്കി. പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയായ ‘Belonging: A Journey of Love’നെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയന്’ നൽകിയ അഭിമുഖത്തിലാണ് നിർണായക വെളിപ്പെടുത്തലുകൾ.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെ അന്ന് രാജീവ് ഗാന്ധി എതിർത്തിരുന്നുവെന്നാണ് സോണിയ പറയുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണമെന്നായിരുന്നു രാജീവിന്റെ അഭിപ്രായം. എന്നാൽ ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിലപാടിലായിരുന്നു. പ്രതിപക്ഷം അമ്മയെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുമെന്നും അതിനെ തടയണമെന്നുമായിരുന്നു സഞ്ജയുടെ വാദം.

കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച ചർച്ച നടന്നത്. സഞ്ജയ് ഗാന്ധിയുടെ ഇടപെടലുകൾ നിയന്ത്രിക്കാൻ ഇന്ദിരയ്ക്ക് കഴിഞ്ഞിരുന്നെങ്കിൽ അടിയന്തരാവസ്ഥയ്ക്കു പിന്നാലെയുണ്ടായ പല ദുരന്തങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും സോണിയ ആത്മകഥയിൽ പറയുന്നു.

അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളിൽ ഇന്ദിര പിന്നീട് പരസ്യമായി ഖേദിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. ഇന്ദിരയെ ഒരു ജനാധിപത്യവിശ്വാസിയായാണ് താൻ കണ്ടിരുന്നതെന്നും അടിയന്തരാവസ്ഥാ തീരുമാനം അവരെ മാനസികമായി ഏറെ അലട്ടിയിരുന്നുവെന്നും സോണിയ പറഞ്ഞു.

'ഇന്ദിരാ ഗാന്ധി ഉള്ളിൽ ഒരു ജനാധിപത്യവാദിയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. പലരും ഈ അഭിപ്രായത്തോട് വിയോജിച്ചേക്കാം. എന്നാൽ അടിയന്തരാവസ്ഥക്കാലത്ത് അവർക്ക് ഒരിക്കലും മനഃസമാധാനമുണ്ടായിരുന്നില്ല. ആ തീരുമാനം അവരുടെ മനസിൽ വലിയ ഭാരമായി തുടർന്നു' എന്നും സോണിയ അഭിമുഖത്തിൽ വ്യക്തമാക്കി.

നെഹ്റു-ഗാന്ധി കുടുംബത്തിലേക്കുള്ള തന്റെ വരവ് മുതൽ വ്യക്തിജീവിതത്തിലെ സന്തോഷങ്ങളും വേദനകളും രാഷ്ട്രീയ രംഗത്തെ വെല്ലുവിളികളും വരെ പ്രതിപാദിക്കുന്നതാണ് സോണിയയുടെ ആത്മകഥ. ആൽഫ്രഡ് എ. നോഫ് പ്രസിദ്ധീകരിക്കുന്ന പുസ്തകം നവംബർ 10ന് പുറത്തിറങ്ങും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img