ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. താരം ഉടൻതന്നെ ആശുപത്രി വിടുമെന്നും ചെന്നൈയിലെ ഗ്രെയിംസ് റോഡിലെ അപ്പോളോ ആശുപത്രി പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കടുത്ത വയറു വേദനയെ തുടർന്നാണ് താരം കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയത്. രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നാണ് പ്രസ്‌താവനയിൽ വ്യക്തമാക്കുന്നത്
രക്തധമനിയിലുണ്ടായ നീർവീക്കമാണ് രജനികാന്ത് അപ്പോളോയിൽ ചികിത്സ തേടാൻ കാരണമായതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബിൽ നടന്ന ശസ്‌ത്രക്രിയയിൽ അടിവയറ്റിന് താഴെ സ്‌റ്റൻഡ് സ്ഥാപിച്ചു. മൂന്ന് പ്രത്യേക ഡോക്‌ടറുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ഇൻറർവെൻഷണൽ കാർഡിയോളജിസ്‌റ്റ് ഡോ. സായ് സതീഷിന് കീഴിലാണ് ചികിത്സ.
അതേസമയം രജനികാന്തിൻറെ ആരോഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകർ സമൂഹമാധ്യമങ്ങളിൽ രംഗത്ത് എത്തിയിരുന്നു. രജനികാന്തിൻറെ അസുഖം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ എക്‌സിൽ കുറിച്ചു.