
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ ഇന്നു രാവിലെ 10.30ന് നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവർണറുടെ ഭാര്യ അനഘ ആർലേക്കറും ചടങ്ങിൽ പങ്കെടുത്തു.
1980കളിൽ തന്നെ ഗോവ ബിജെപിയിൽ സജീവ സാന്നിധ്യമായിരുന്ന ആർലേക്കർ പാർട്ടിയിൽ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഗോവ നിയമസഭാ മുൻ സ്പീക്കറായിരുന്നു. ബിഹാർ ഗവർണറായി പ്രവർത്തിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ കേരള ഗവർണറായി നിയമിച്ചത്. ഹിമാചൽ പ്രദേശ് ഗവർണറായും സ്ഥാനം വഹിച്ചിട്ടുണ്ട്.
2015ൽ ഗോവ മന്ത്രിസഭ പുനഃസംഘടനയിൽ ആർലേക്കർ വനം വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചൽ പ്രദേശിലെ ഗവർണറായി നിയമിതനായത്. പിന്നീട് 2023ൽ ബിഹാർ ഗവർണറായി നിയമിതനായി.











