
ജയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ഗർഭിണിയെ ഒരു സംഘം യുവാക്കൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അതിക്രമത്തിനിടെ പ്രസവവേദന അനുഭവപ്പെട്ട പെൺകുട്ടി വിജനമായ സ്ഥലത്ത് കുഞ്ഞിന് ജന്മം നൽകുകയും നവജാതശിശു മരിക്കുകയും ചെയ്തു. ദൗസ ജില്ലയിലെ കോൽവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
16കാരിയായ പെൺകുട്ടി നവജാതശിശുവുമായി ആശുപത്രിയിലെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞിന്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഡൽഹി–മുംബൈ എക്സ്പ്രസ്വേയ്ക്ക് സമീപമുള്ള വിജനമായ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി. ഇതിനിടെ പ്രസവവേദന അനുഭവപ്പെട്ട പെൺകുട്ടി അവിടെവെച്ചുതന്നെ പ്രസവിക്കുകയായിരുന്നു. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചതായി പെൺകുട്ടി മൊഴി നൽകിയെന്നാണ് വിവരം.
പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി പ്രായപൂർത്തിയാകാത്തവളായിരിക്കെ ഗർഭിണിയായ സാഹചര്യവും അതിന് പിന്നിലെ സംഭവങ്ങളും ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.










