11:06am 29 April 2026
NEWS
ഉദ്ദംപൂരില്‍ പാക് ഡ്രോണ്‍ ആക്രമണത്തിൽ സെെനികന് വീരമൃത്യു
11/05/2025  08:58 AM IST
nila
 ഉദ്ദംപൂരില്‍ പാക് ഡ്രോണ്‍ ആക്രമണത്തിൽ സെെനികന് വീരമൃത്യു

ഉദ്ദംപൂര്‍ വ്യോമതാവളത്തിനു നേരെ പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാന് വീരമൃത്യു. രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.  വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായി സേവനം അനുഷ്ടിച്ചിരുന്നു സുരേന്ദ്ര സിങ് മോഗ. 

 ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദ്ദംപൂർ വ്യോമതാവളത്തിന് നേരെ പാക് ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തുവെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര സിങ് മോഗയുടെ ശരീരത്തില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.

14 വര്‍ഷത്തിലേറെയായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയാണ് സുരേന്ദ്ര സിങ് മോഗ. രണ്ട് മാസം മുന്‍പാണ് സുരേന്ദ്ര സിങ് ഉദ്ദംപൂരിലെത്തിയത്. ഏപ്രില്‍ മാസത്തിലായിരുന്നു അദ്ദേഹം അവസാനമായി സ്വദേശമായ ജുഝുനു സന്ദര്‍ശിച്ചത്. പുതിയ വീടിന്റെ താമസ ചടങ്ങിന് ശേഷം ഏപ്രില്‍ 20 നാണ് അദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചത്. ഭാര്യ സീമയും അദ്ദേഹത്തോടൊപ്പം ഉദ്ദംപൂരിലായിരുന്നു. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് സീമയുടെ മുത്തച്ഛന്‍ മരിച്ചതിന് തുടര്‍ന്ന് അവര്‍ നാട്ടിലേക്ക് പോയിരുന്നു. സുരേന്ദ്ര സിങ്ങിന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞ് വീണ സീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വര്‍ധിക, ദക്ഷ് എന്നിവര്‍ ഇവരുടെ മക്കളാണ്.

സുരേന്ദ്ര സിംഗിന്റെ മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അനുശോചിച്ചു. ഞായറാഴ്ച വൈകിട്ട് മൃതദേഹം ജന്മസ്ഥലത്ത് എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img