
ജയ്പൂർ: മൂന്ന് കുട്ടികളുണ്ടെന്ന കാരണത്താൽ 15 വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട സർക്കാർ ഉദ്യോഗസ്ഥന് രാജസ്ഥാൻ ഹൈക്കോടതി ആശ്വാസം നൽകി. ഈ നടപടി 'അങ്ങേയറ്റം നീതിരഹിതവും മനുഷ്യത്വരഹിതവുമാണ്' എന്ന് കോടതി നിരീക്ഷിച്ചു. നിയമനസമയത്ത് ഉദ്യോഗസ്ഥൻ കുട്ടികളുടെ എണ്ണം മറച്ചുവെച്ചിട്ടില്ലെന്നും, അതിനാൽ നിയമനചട്ടം ലംഘിച്ചു എന്ന് പറഞ്ഞ് പിരിച്ചുവിടുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
സാഗർ കുമാർ എന്ന ക്ലർക്കിനെയാണ് അധികൃതർ പിരിച്ചുവിട്ടത്. 2010-ൽ ആശ്രിത നിയമന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ടായിരുന്നു. ഈ വിവരം അന്ന് അധികൃതർക്ക് സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, 2019-ൽ ലഭിച്ച ഒരു പരാതിയെ തുടർന്ന്, രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് നിയമനം നൽകാൻ പാടില്ലെന്ന നിയമം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
സത്യസന്ധമായി എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയിട്ടും ജോലി നഷ്ടപ്പെട്ടതിനെതിരെ സാഗർ കുമാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആശ്രിത നിയമനത്തിന്റെ പ്രധാന ലക്ഷ്യം ദുരിതത്തിലായ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. യാതൊരു തെറ്റും ചെയ്യാത്ത ഒരാളെ, 15 വർഷത്തെ സേവനത്തിന് ശേഷം പിരിച്ചുവിടുന്നത് നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന്, ജീവനക്കാരനെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കിയ കോടതി, എത്രയും പെട്ടെന്ന് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്നും ഉത്തരവിട്ടു.











