
ജയ്പുർ: സ്വന്തം വിവാഹത്തിന് കുതിരപ്പുറത്ത് കയറാൻ ദളിത് യുവാവിന് സുരക്ഷയൊരുക്കിയത് 200 പൊലീസുകാർ. രാജസ്ഥാനിലെ അജ്മീർ ജില്ലയിലാണ് സംഭവം. ദളിത് യുവാവ് കുതിരപ്പുറത്ത് കയറുന്നതിൽ രോഷാകുലരായ സവർണജാതിക്കാരുടെ ആക്രമണം ഭയന്നാണ് ഇത്രയേറെ പൊലീസുകാർ സുരക്ഷയൊരുക്കിയത്. വധുവിന്റെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് ഇടപെട്ടത്.
അജ്മീറിലെ ലവേര ഗ്രാമവാസിയായ അരുണ ഖോർവാൾ എന്ന യുവതിയുടെ വിവാഹത്തിനാണ് സവർണജാതിക്കാരുടെ ഭീഷണി ഉയർന്നത്. വരൻ വിജയ് റെഗർ, വധുവിൻ്റെ ഗ്രാമത്തിലെത്തുന്നത് കുതിരപ്പുറത്താണെന്ന് അറിയിച്ചിരുന്നു. എന്നാൽ, കുതിരപ്പുറത്തുള്ള ഘോഷയാത്രയ്‌ക്കെതിരെ മറ്റുജാതിയിൽപ്പെട്ടവരുടെ എതിർപ്പ് മനസിലാക്കിയ വധുവിന്റെ കുടുംബം പോലീസിനെയും ജില്ലാ ഭരണകൂടത്തെയും സമീപിക്കുകയായിരുന്നു.
ചടങ്ങിനായി 200 ഓളം ഉദ്യോഗസ്ഥരെയാണ് ഭരണകൂടം വിന്യസിച്ചത്. വരൻ വിജയ് റെഗർ, വധുവിൻ്റെ ഗ്രാമത്തിലെത്തി പരമ്പരാഗത രീതിയിൽ വിവാഹം ചടങ്ങുകൾ പൂർത്തിയാക്കുന്നതുവരെ പോലീസ് സുരക്ഷയൊരുക്കി. 'വിവാഹ ഘോഷയാത്രയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടാകാമെന്ന് ഒരു കുടുംബം പോലീസിനോട് ആശങ്ക ഉന്നയിച്ചിരുന്നു. തയ്യാറെടുപ്പിൻ്റെ ഭാഗമായി ഗ്രാമത്തിൽ ഒരു യോഗം ചേർന്നു. ഗ്രാമവാസികളും സഹകരിച്ചു, പ്രശ്‌നമുണ്ടാകില്ലെന്ന് പറഞ്ഞു. ഘോഷയാത്ര പോലീസ് സംരക്ഷണത്തിലാണ് നടന്നത്' അജ്മീർ പോലീസ് സൂപ്രണ്ട് വന്ദിത റാണ പറഞ്ഞു.
"ഞങ്ങൾ ഭയപ്പെട്ടാൽ കാര്യങ്ങൾ എങ്ങനെ നടക്കും. ഞങ്ങൾ വിദ്യാസമ്പന്നരായ കുടുംബമാണ്. മുൻകാലങ്ങളിൽ വിവാഹ ചടങ്ങുകൾക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അതിനാൽ പോലീസിനെയും പ്രവർത്തകരെയും സമീപിച്ചിരുന്നു," വധുവിൻ്റെ പിതാവ് നാരായൺ ഖോർവാളിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.











