നിർബന്ധിത മതപരിവർത്തനത്തിന് ജീവപര്യന്തം തടവും പിഴയും ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ

മതപരിവർത്തന നിരോധന നിയമഭേദഗതി ബില്ലുമായി രാജസ്ഥാൻ സർക്കാർ. നിർബന്ധിത കൂട്ട മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടാണ് ബിജെപി സർക്കാർ പുതിയ നിയമം പാസാക്കാനൊരുങ്ങുന്നത്. പുതിയ നിയമം പാസാകുന്നതോടെ നിർബന്ധിത കൂട്ട മതപരിവർത്തനം നടത്തുന്നവർക്ക് 20 വർഷംമുതൽ ജീവപര്യന്തംവരെ തടവുശിക്ഷ ലഭിക്കും. ഇതിനൊപ്പം 25 ലക്ഷം രൂപ പിഴയും മതപരിവർത്തന നിരോധന നിയമഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
നിയമസഭയുടെ വരുന്ന സമ്മേളനത്തിൽ പുതിയബിൽ അവതരിപ്പിക്കുമെന്ന് സംസ്ഥാന പാർലമെന്ററികാര്യമന്ത്രി ജോഗറാം പട്ടേൽ അറിയിച്ചു. കൂട്ട മതപരിവർത്തനം നടത്തുന്നവരുടെ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. മതംമാറ്റത്തിന് ഉപയോഗിച്ച വേദിയും സർക്കാർ കണ്ടുകെട്ടും.
പൊതുവിഭാഗത്തിൽപ്പെട്ട ഏതെങ്കിലുമൊരാളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയാൽ ഏഴുമുതൽ 14 വർഷംവരെ തടവും അഞ്ചുലക്ഷം പിഴയുമാണ് ശിക്ഷ. സ്ത്രീകൾ, പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതംമാറ്റിയാൽ തടവുശിക്ഷ പത്തുമുതൽ 20 വർഷംവരെയും പിഴ പത്തുലക്ഷം രൂപയുമാണ്.











