11:35pm 21 September 2026
NEWS
ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 18 കൗൺസിലർമാരെ കാണാനില്ല; രാജസ്ഥാനിൽ രാഷ്ട്രീയ നാടകമെന്ന് കോൺഗ്രസ്
21/09/2026  03:14 PM IST
nila
ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 18 കൗൺസിലർമാരെ കാണാനില്ല; രാജസ്ഥാനിൽ രാഷ്ട്രീയ നാടകമെന്ന് കോൺഗ്രസ്

ജയ്പുർ: രാജസ്ഥാനിൽ 18 സ്വതന്ത്ര കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. തിജാര മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് കൗൺസിലർമാരെ കാണാതായതായി കോൺഗ്രസ് ആരോപിക്കുന്നത്. ഹരിയാണയിൽവെച്ചാണ് ഇവരെ കാണാതായതെന്നാണ് പരാതി.

തിജാര മുൻസിപ്പൽ കൗൺസിലിലെ 18 സ്വതന്ത്ര കൗൺസിലർമാരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ നൽകാനിരുന്ന കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് ആരോപിച്ചു.

ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് നിർണായകമായതിനാൽ കൗൺസിലർമാർ എല്ലാവരും ഹിമാചൽ പ്രദേശിൽ ഒരുമിച്ച് താമസിച്ചിരുന്നതായാണ് കോൺഗ്രസ് പറയുന്നത്. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനായി രാജസ്ഥാനിലേക്ക് മടങ്ങുന്നതിനിടെയാണ് ഹരിയാണയിൽവെച്ച് ഇവരെ കാണാതായതെന്നാണ് ആരോപണം.

ഹിമാചൽ പ്രദേശിൽനിന്ന് ഹരിയാണ വഴി മടങ്ങിയ കൗൺസിലർമാരെ ഹരിയാണ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. പഞ്ച്കുള ജില്ലയിലെ ചാന്ദിമന്ദിർ–സൂരജ്പുർ ടോൾ പ്ലാസയ്ക്ക് സമീപം വാഹനങ്ങൾ തടഞ്ഞുനിർത്തി കൗൺസിലർമാരെ പോലീസ് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയെന്നാണ് ആരോപണം.

ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് കൗൺസിലർമാരെ തടയുന്നതിനാണ് നടപടിയെന്നും കോൺഗ്രസ് ആരോപിച്ചു. ആരോപണം ഉയർന്നതിനു പിന്നാലെ പിഞ്ചോർ പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കൗൺസിലർമാരെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്ന് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു.

തിജാര മുൻസിപ്പൽ കൗൺസിലിലെ കോൺഗ്രസ് സ്ഥാനാർഥിക്ക് 19 കൗൺസിലർമാരുടെ പിന്തുണയുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവും കൽക മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പ്രദീപ് ചൗധരി പറഞ്ഞു. കൗൺസിലർമാരെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഹിമാചൽ പ്രദേശിലേക്ക് യാത്രയ്ക്ക് കൊണ്ടുപോയതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാത്രിയിൽ രാജസ്ഥാനിലേക്ക് മടങ്ങുന്നതിനിടെ പിഞ്ചോറിലെ ടോൾ പ്ലാസയ്ക്ക് സമീപം വാഹനങ്ങൾ തടഞ്ഞുനിർത്തിയെന്നും കൗൺസിലർമാരെ നിർബന്ധിച്ച് പോലീസ് വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോയെന്നുമാണ് പ്രദീപ് ചൗധരിയുടെ ആരോപണം. ബിജെപിയെ പരാജയപ്പെടുത്തി ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യാൻ തീരുമാനിച്ച കൗൺസിലർമാരെ അതിൽനിന്ന് തടയാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ ഹരിയാണ പോലീസ് നിഷേധിച്ചു. സംഭവവുമായി പോലീസിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാണാതായതായി പറയുന്ന കൗൺസിലർമാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എസിപി രാംകുമാർ അറിയിച്ചു.

35 വാർഡുകളുള്ള തിജാര മുൻസിപ്പൽ കൗൺസിലിൽ 31 വാർഡുകളിലും വിജയിച്ചത് സ്വതന്ത്ര സ്ഥാനാർഥികളാണ്. ബിജെപിക്ക് മൂന്ന് സീറ്റും കോൺഗ്രസിന് ഒരു സീറ്റുമാണ് ലഭിച്ചത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച അംഗങ്ങൾ കുറവാണെങ്കിലും 18 സ്വതന്ത്ര കൗൺസിലർമാർ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. അതിനാൽ തന്നെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൗൺസിലർമാരുടെ തിരോധാനം രാജസ്ഥാനിൽ വലിയ രാഷ്ട്രീയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img