
ബംഗളുരു: പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ പിടിവാശിയെ തുടർന്ന് കോൺഗ്രസ്സ് ഹൈക്കമാണ്ട് കടുത്ത സമ്മർദ്ദം ചെലുത്തിയതിനാലാണ് മനസ്സാക്ഷി സൂക്ഷിപ്പുകാരനായ സഹകരണമന്ത്രി കെ എൻ രാജണ്ണയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർബന്ധിതനായത്. രാജിവെക്കാൻ അവസരം നൽകാതെ ഉടൻ പുറത്താക്കണമെന്നായിരുന്നു ഹൈക്കമാണ്ട് സിദ്ധരാമയ്യയ്‌ക്ക് നൽകിയ നിർദ്ദേശം. ഹൃദയവേദനയോടെയാണ് സിദ്ധരാമയ്യ അതനുസരിച്ചത്. വോട്ടുതട്ടിപ്പ് ആരോപണത്തെ തള്ളിക്കൊണ്ട് രാജണ്ണ സംസാരിച്ചതാണ് രാഹുൽ ഗാന്ധിയെ പ്രകോപിതനാക്കിയതെന്ന് അറിയുന്നു. ബംഗ്ലൂർ സെൻട്രൽ മണ്ഡലത്തിൽ വ്യാപകമായ വോട്ട് തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായി നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. "നമ്മൾ ഭരണത്തിലിരിക്കെയാണ് വോട്ടർപട്ടിക പുതുക്കിയത്. കരട് വോട്ടർപട്ടിക പരിശോധിക്കാൻ അവസരമുണ്ടായിരുന്നു. അപ്പോൾ മിണ്ടാതിരുന്നിട്ട് ഇപ്പോൾ ആരോപണമുന്നയിച്ചതുകൊണ്ട് എന്തു പ്രയോജനം?" രാജണ്ണയുടെ ഈ പ്രതികരണമാണ് രാഹുലിനെ ചൊടിപ്പിച്ചത്. പിസിസി അധ്യക്ഷപദവി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നിലപാടും രാജണ്ണയ്ക്കെതിരെ അതിവേഗത്തിൽ നടപടിയുണ്ടാകാൻ കാരണമായി. സിദ്ധരാമയ്യയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ് രാജണ്ണ. സന്ദിഗ്ദ്ധഘട്ടങ്ങളിൽ സിദ്ധരാമയ്യയ്ക്കുവേണ്ടി സംസാരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ഒക്ടോബറിൽ വിപ്ലവം നടക്കുമെന്ന് പ്രവചിച്ചത് രാജണ്ണയായിരുന്നു. ഹൈക്കമാ ണ്ടുമായി ചർച്ച നടത്തി ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ സിദ്ധരാമയ്യയെ സന്ദർശിച്ച ശേഷമായിരുന്നു, രണ്ടുമാസം മുമ്പുണ്ടായ ആ പ്രവചനം. അതായത് ഒക്ടോബറിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിപദവി വിട്ടൊഴിയേണ്ടിവരും എന്നായിരുന്നു രാജണ്ണയുടെ വിപ്ലവം എന്ന പരാമർശത്തിന്റെ അർത്ഥം. ഡി കെ ശിവകുമാർ പിസിസി അധ്യക്ഷപദവിയിൽ നിന്ന് മാറണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടുള്ള മുതിർന്ന നേതാവാണ് രാജണ്ണ. ഹണിട്രാപ്പ് ഭീഷണി നിയമസഭയിൽ സ്ഥിരീകരിച്ചതും അതിന്റെ പിന്നിൽ പ്രബലനേതാവാണെന്ന് ആരോപിച്ചതും രാജണ്ണയായിരുന്നു. നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കെയാണ് ശ്വാസംവിടാൻ പോലും സമയം ലഭിക്കാതെ രാജണ്ണയ്‌ക്ക് മന്ത്രിസഭയിൽനിന്ന് പുറത്തുപോകേണ്ടിവന്നത്. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ്സിന് പൊടുന്നനെ ഉണ്ടായത് വലിയ ക്ഷീണമാണ്. ബിജെപി അത് നന്നായി മുതലെടുക്കുന്നുണ്ട്. സിദ്ധരാമയ്യ മന്ത്രിസഭയിൽനിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് രാജണ്ണ. പിന്നോക്ക വിഭാഗ കോർപ്പറേഷനിലെ അഴിമതിക്കേസിന്റെ പേരിൽ കഴിഞ്ഞവർഷം മന്ത്രിസ്ഥാനം പോയ ബി നാഗേന്ദ്രയാണ് മറ്റെയാൾ. രണ്ടുപേരും പട്ടിക വർഗമായ വാൽമീകി സമുദായത്തിൽ പെട്ടവരാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട ഒരു മന്ത്രി- സതീഷ് ജാർക്കിഹോളി- മാത്രമെ ഇനി മന്ത്രിസഭയിൽ അവശേഷിക്കുന്നുള്ളൂ. മുഖ്യമന്ത്രി സിദ്ധരാമയ്യ വൃണിതഹൃദയനാണ്. അദ്ദേഹം ദുർബ്ബലനാക്കപ്പെട്ടിരിക്കുന്നു. പാർട്ടിയുടെ തീരുമാനമാണെന്നും കൂടുതലൊന്നും തനിക്കറിയില്ലെന്നുമാണ് ശിവകുമാർ പ്രതികരിച്ചത്. രാജണ്ണ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്ന് സഭയിലുണ്ടായേക്കും. രാജണ്ണ പുറത്താക്കപ്പെട്ടത്തിലൂടെ സംസ്ഥാനത്ത് കോൺഗ്രസ്സ് പാർട്ടിയിലും ഭരണത്തിലും വൻപ്രതിസന്ധി ഉരുണ്ടുകൂടിയിട്ടുണ്ട്. "എനിയ്ക്കെതിരായ നടപടിയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ആര് ആരോട് പരാതിപ്പെട്ടു എന്നൊക്കെ വ്യക്തമായറിയാം. ഉചിതമായ സമയത്ത് അത് വെളിപ്പെടുത്തും. വസ്തുതകൾ ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്താൻ മറ്റു നേതാക്കളോടൊപ്പം ഡൽഹിയിലേക്ക് പോകുന്നുണ്ട്" രാജണ്ണ പ്രതികരിച്ചു.
Photo Courtesy - Google











