11:33pm 12 November 2026
NEWS
കുഫോസുമായി കൈകോർത്തു പെരിയാറിൽ മത്സ്യ സംരക്ഷണ പടയാളികളായി രാജഗിരി വിദ്യാർഥികൾ
10/02/2026  02:22 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുഫോസുമായി കൈകോർത്തു  പെരിയാറിൽ മത്സ്യ സംരക്ഷണ പടയാളികളായി രാജഗിരി വിദ്യാർഥികൾ
HIGHLIGHTS

കുഫോസ് വൈസ് ചാൻസലർ  ഡോ എ ബിജുകുമാർ രാജഗിരി വിദ്യാർഥികളോടൊപ്പം.

 

പശ്ചിമ ഘട്ടത്തിലെ തദ്ദേശീയ മത്സ്യ ഇനങ്ങളെ സംരക്ഷിക്കാൻ കുഫോസിന്റെ സഹായത്തോടെ പെരിയാർ നദിയിൽ രാജഗിരി സ്കൂൾ വിദ്യാർഥികൾ മത്സ്യവിത്ത് നിക്ഷേപം നടത്തി. 
ആലുവ ശിവരാത്രി മണപ്പുറത്തിനു സമീപമുള്ള പാലസ്‌കടവിൽ ചൊവ്വാഴ്ച രാവിലെ 9.30ന് കളമശ്ശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിന്റെ ഐക്യരാഷ്ട്രസഭയുടെ GSP ഇക്കോ വാരിയേഴ്സ് സംഘം, കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (KUFOS) യുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. 
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ SDG-14 (ജലജീവിത സംരക്ഷണം)ഉം SDG-15 (ഭൂജീവിത സംരക്ഷണം)ഉം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവർത്തനം.

 മഞ്ഞക്കൂരി, കുറുവാപരൽ എന്നീ തദ്ദേശീയ മത്സ്യ ഇനങ്ങളെ നിക്ഷേപിച്ച് കൊണ്ട് ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. എ. ബിജുകുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

സമീപകാല ശാസ്ത്രീയ പഠനങ്ങൾ പെരിയാർ, ചാലക്കുടി, മൂവാറ്റുപുഴ, പമ്പ, അച്ചൻകോവിൽ തുടങ്ങിയ നദികളിൽ ഈ ഇനം വ്യാപകമായി പിടിക്കപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. അമിത മത്സ്യബന്ധനം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, മലിനീകരണം, അലങ്കാരമത്സ്യവ്യാപാരത്തിലെ ആവശ്യകത എന്നിവ ഇവയുടെ വംശ സംഖ്യ ഗണ്യമായി കുറയാൻ ഇടയാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ , ഈ ഇനം IUCN ചുവപ്പ് പട്ടികയിൽ വംശനാശഭീഷണിയിലുള്ളവ' എന്ന വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുകയാണ്. കൂടാതെ “കുറുവാപരൽ” എന്നറിയപ്പെടുന്ന ഒലീവ് ബാർബ് എന്ന മൽസ്യയിനത്തിന്റെ മാതൃമത്സ്യങ്ങളെയും നദിയിൽ നിക്ഷേപിച്ചു. സ്റ്റേറ്റ് പ്ലാൻ പ്രൊജക്റ്റ്‌, UNDP പ്രൊജക്റ്റ്‌ എന്നിവയുടെ ഭാഗമായി കുഫോസിൽ ഉൽപാദിപ്പിച്ച മത്സ്യ വിത്തുകളാണ് നിക്ഷേപിച്ചത്. 

പെരിയാർ നദിയിൽ നിന്നു ശേഖരിച്ച പൊരുന്നു മൽസ്യങ്ങളിൽ നിന്നും ഉത്പാദിപ്പിച്ച മത്സ്യകുഞ്ഞുങ്ങളെ അതേ നദിയിലേക്ക് വിട്ടുകൊണ്ടാണ് പദ്ധതി  നടപ്പാക്കിയത്. ജൈവവൈവിധ്യസംരക്ഷണത്തിനും, മൽസ്യത്തൊഴിലാളികളുടെ ഉപജീവനമാർഗത്തിനും ഈ നിക്ഷേപ പരിപാടി സഹായിക്കുമെന്ന് വൈസ് ചാൻസലർ പറഞ്ഞു. വിദ്യാർത്ഥിതലത്തിൽ ഇത്തരത്തിലുള്ള അവബോധ- കർമ്മപരിപാടികൾ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ജെം ജോസ്,  ഡോ. അൻവർ അലി പി.എച്ച്, ജോസഫ്, എന്നിവരും സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img