
കാക്കനാട്: 2025 ലെ കേരള ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ (കെ.ഐ.ആര്‍.എഫ്) മാനേജ്‌മെന്റ് വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി രാജഗിരി ബിസിനസ്സ് സ്‌കൂള്‍ (ആര്‍.ബി.എസ്). അക്കാദമിക മികവുകള്‍, മികച്ച പഠന നിലവാരം, ആഗോള പങ്കാളിത്തം എന്നിവയോട് സ്ഥാപനം പുലര്‍ത്തിവരുന്ന അടിയുറച്ച പ്രതിബദ്ധതയാണ് രാജഗിരി ബിസിനസ് സ്‌കൂളിന് ഈ നേട്ടം സാധ്യമാക്കാന്‍ സഹായിച്ചത്.
വ്യവസായിക ഇടപെടല്‍, അനുഭവാധിഷ്ഠിത പഠന രീതി, കേസ് - അധിഷ്ഠിത പഠനങ്ങള്‍, സിമുലേഷനുകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ആഴത്തിലുള്ള വിദ്യാഭ്യാസ സമീപനമാണ് രാജഗിരി ബിസിനസ് സ്‌കൂള്‍ പിന്തുടരുന്നത്. ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ ഫലങ്ങള്‍, കണ്‍സള്‍ട്ടന്‍സി സംരംഭങ്ങള്‍, അന്താരാഷ്ട്ര അധ്യാപക-വിദ്യാര്‍ഥി കൂട്ടായ്മകളുടെ സാന്നിധ്യം, ഉന്നത ശമ്പള പാക്കേജുകളുള്ള പ്ലേസ്മെന്റുകള്‍ എന്നിവയിലെല്ലാം സ്ഥാപനം പ്രശസ്തമാണ്. കൂടാതെ, എ.എ.സി.എസ്.ബി, ഇ.എഫ്.എം.ഡി പോലുള്ള അഭിമാനകരമായ അന്താരാഷ്ട്ര അംഗീകാരങ്ങളും, ഒപ്പം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ബിസിനസ്സ് സ്‌കൂളുകളുടെ പട്ടികയിലും ആര്‍.ബി.എസ് ഇടം നേടിയിട്ടുണ്ട്.
രാജഗിരി ബിസിനസ് സ്‌കൂളിലെ അക്കാദമിക മികവ്, ഗവേഷണ നവീകരണം, വ്യവസായിക പ്രസക്തി എന്നിവ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ സംസ്‌കാരം കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, മാനേജ്‌മെന്റ് എന്നിവരുടെ കൂട്ടായ പരിശ്രമമുണ്ട്. ഈ പരിശ്രമങ്ങളുടെ ഫലമാണ് കോളേജിന് ലഭിച്ച അംഗീകാരമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ഡോ. സാജു എം.ഡി., ഡയറക്ടര്‍ & ഡീന്‍ പ്രൊഫ. ഡോ. കിഷോര്‍ ജി. പിള്ള എന്നിവര്‍ പറഞ്ഞു.








