07:58am 30 April 2026
NEWS
രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾക്ക് ജീവൻ നഷ്ടമായി
20/12/2025  11:25 AM IST
nila
രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; എട്ട് ആനകൾക്ക് ജീവൻ നഷ്ടമായി

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾക്ക് ജീവൻ നഷ്ടമായി. ശനിയാഴ്ച പുലർച്ചെ 2.17 ഓടെ അസമിലെ നാഗോൺ ജില്ലയിലാണ് സംഭവം. അപകടത്തെ തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി.  യാത്രക്കാർക്ക് പരുക്കുകളൊന്നുമില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 

നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷനു കീഴിലുള്ള ജമുനാമുഖ്–കാമ്പൂർ സെക്ഷനിലൂടെയായിരുന്നു ട്രെയിൻ സഞ്ചരിച്ചത്. ട്രെയിൻ നമ്പർ 20507 ഡിഎൻ സായിരംഗ്–ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. ട്രാക്കിൽ ആനക്കൂട്ടത്തെ കണ്ടതോടെ ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും, ട്രെയിൻ ഇതിനകം തന്നെ കൂട്ടത്തിനിടയിലേക്ക് കയറിയിരുന്നു. അപകടത്തിൽ എട്ട് ആനകളാണ് ചത്തത്. സംഭവം നടന്ന സ്ഥലം ആനകളുടെ ഔദ്യോഗിക ഇടനാഴിയായി പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രദേശമാണെന്നും അധികൃതർ വ്യക്തമാക്കി.

അപകടവിവരം ലഭിച്ചതോടെ ലുംഡിംഗ് ഡിവിഷണൽ ആസ്ഥാനത്തുനിന്നുള്ള ദുരിതാശ്വാസ സംഘവും മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പാളം തെറ്റിയ കോച്ചുകളിലെ യാത്രക്കാരെ അതേ ട്രെയിനിലെ ഒഴിവുള്ള മറ്റ് കോച്ചുകളിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാളം തെറ്റിയ കോച്ചുകൾ വേർപ്പെടുത്തി പുലർച്ചെ 6.11 ഓടെ ട്രെയിൻ ഗുവഹാത്തിയിലേക്ക് മാറ്റി. അവിടെ നിന്ന് ആവശ്യമായ അധിക കോച്ചുകൾ ഘടിപ്പിച്ച ശേഷം യാത്ര ഡൽഹിയിലേക്ക് തുടരാനാണ് തീരുമാനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img