
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലെ ശുപാർശകൾക്കെതിരെ യുവജനങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നു. ധവളപത്രത്തിലെ പ്രധാന നിർദ്ദേശങ്ങളിലൊന്നായ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള നീക്കം തത്വത്തിൽ അപ്രഖ്യാപിത നിയമന നിരോധനം കൊണ്ടുവരുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം ഉയരുന്നത്. ലക്ഷക്കണക്കിന് വരുന്ന തൊഴിൽരഹിതരായ യുവാക്കളുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തുന്ന കടുത്ത അനീതിയാണിത്.
നിലവിൽ കേരളത്തിലെ സർക്കാർ ജീവനക്കാർക്കിടയിൽ രണ്ട് തരത്തിലുള്ള പെൻഷൻ സ്കീമുകളാണ് നിലനിൽക്കുന്നത്. പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീമിലുള്ളവരുടെ വിരമിക്കൽ പ്രായം 56 വയസ്സായി തുടരുമ്പോൾ, പങ്കാളിത്ത (കോൺട്രിബ്യൂട്ടറി) പെൻഷൻ പദ്ധതിയിലുള്ള ജീവനക്കാർക്ക് 60 വയസ്സുവരെ ജോലിയിൽ തുടരാൻ അനുവാദമുണ്ട്. ഏകദേശം രണ്ടരലക്ഷത്തോളം വരുന്ന ഈ കോൺട്രിബ്യൂട്ടറി പെൻഷൻ ജീവനക്കാരുടെ വിരമിക്കൽ പ്രായത്തെ മറയാക്കിക്കൊണ്ടാണ് മൊത്തത്തിലുള്ള പെൻഷൻ പ്രായം ഉയർത്താൻ സർക്കാർ നീക്കം നടത്തുന്നത്.
പെൻഷൻ പ്രായം കൂട്ടുന്നതോടെ അടുത്ത ഏതാനും വർഷങ്ങളിലേക്ക് സർക്കാർ സർവീസിൽ പുതിയ ഒഴിവുകൾ ഉണ്ടാകില്ലെന്നതാണ് ഉദ്യോഗാർത്ഥികളെ ആശങ്കപ്പെടുത്തുന്നത്. ഇത് നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകൾ റദ്ദാകാനും, വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളുടെ പ്രായപരിധി കഴിഞ്ഞു പോകാനും കാരണമാകും. സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുന്നതിനായി യുവാക്കളുടെ തൊഴിലവസരങ്ങൾ കുരുതികൊടുക്കുന്ന ഈ നയത്തിൽ നിന്നും, ധവളപത്രത്തിലെ പെൻഷൻ പ്രായം വർദ്ധിപ്പിക്കാനുള്ള ശുപാർശകളിൽ നിന്നും മുഖ്യമന്ത്രിയും സർക്കാരും അടിയന്തരമായി പിന്മാറണമെന്നാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്ന ശക്തമായ ആവശ്യം.











