
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽ ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്ന് വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ വ്യാപിച്ചുകിടക്കുന്ന ന്യൂനമർദപാത്തിയാണ് മഴ ശക്തമാകാൻ കാരണം. വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം എന്നിവിടങ്ങളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിലാണ് ഈ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നത്.
നിലവിലെ കാലാവസ്ഥാ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 21 ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മലനിരകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.











