01:19am 09 November 2026
NEWS
കേരളത്തിൽ വീണ്ടും മഴ ശക്തമാകും; ഇന്ന് എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
24/08/2026  07:00 AM IST
nila
കേരളത്തിൽ വീണ്ടും മഴ ശക്തമാകും; ഇന്ന് എട്ട് ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം

 

തിരുവനന്തപുരം: വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടതോടെ കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കടലാക്രമണ സാധ്യത; തീരദേശത്ത് ജാഗ്രത

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശപ്രകാരം അപകടസാധ്യതയുള്ള മേഖലകളിൽനിന്ന് മാറി താമസിക്കാനും നിർദേശമുണ്ട്.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് ഒഴിവാക്കണം. ഉയർന്ന തിരമാലയുള്ള സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇരു നടപടികളും ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടുകയും വള്ളങ്ങൾ തമ്മിൽ മതിയായ അകലം ഉറപ്പാക്കുകയും വേണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img