06:58pm 02 August 2026
NEWS
മഴ മുന്നറിയിപ്പ്: കൺട്രോൾ റൂമുകൾ ഉൾപ്പെടെ അടിയന്തര സജ്ജീകരണത്തിന് നിർദേശം
02/08/2026  12:21 PM IST
NILA
മഴ മുന്നറിയിപ്പ്: കൺട്രോൾ റൂമുകൾ ഉൾപ്പെടെ അടിയന്തര സജ്ജീകരണത്തിന് നിർദേശം


തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ നിർദേശിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാരും തദ്ദേശസ്വയംഭരണ വകുപ്പും പൂർണ സജ്ജമാണെന്നും, സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ അടിയന്തര അവലോകന യോഗം ചേർന്നതായും അവർ അറിയിച്ചു.

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ജില്ലാ ജോയിന്റ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ചുവരികയാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വാർഡ് തല ദുരന്തനിവാരണ സമിതികളും എമർജൻസി റെസ്‌പോൺസ് ടീമുകളും സജീവമാക്കി അപകടസാധ്യതയുള്ള മേഖലകളിൽ തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കും.

വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തീരദേശ അപകടസാധ്യത എന്നിവ മുൻനിർത്തി പ്രത്യേക ജാഗ്രത പാലിക്കാനും വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ഗുരുതര രോഗികൾ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ആവശ്യമെങ്കിൽ ആളുകളെ മുൻകൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും സ്വീകരിക്കും.

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ ആവശ്യമായ കെട്ടിടങ്ങൾ മുൻകൂട്ടി കണ്ടെത്തി സജ്ജമാക്കാനും ക്യാമ്പുകളിലെ വൈദ്യുതി, ശുചിമുറി, വെളിച്ചം, ഫാൻ, അടുക്കള തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അനുവദിച്ച ഫണ്ട് അടിയന്തരമായി വിനിയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പുകളിൽ ശുദ്ധജലം, ഭക്ഷണം, ശുചിത്വം, ആരോഗ്യപരിരക്ഷ എന്നിവയ്ക്കൊപ്പം സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ പ്രത്യേക സൗകര്യങ്ങളും ഉറപ്പാക്കണമെന്നും നിർദേശിച്ചു.

വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകൾ, കലുങ്കുകൾ, മഴവെള്ളച്ചാലുകൾ എന്നിവ ശുചീകരിക്കുകയും അപകടഭീഷണി ഉയർത്തുന്ന മരങ്ങളും ചില്ലകളും നീക്കം ചെയ്യുകയും വേണം. കുടിവെള്ള സ്രോതസ്സുകളുടെ ക്ലോറിനേഷനും വെള്ളപ്പൊക്കാനന്തര ശുചീകരണവും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സമയബന്ധിതമായി നടപ്പാക്കണമെന്നും നിർദേശമുണ്ട്.

ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഫയർ ആൻഡ് റെസ്‌ക്യൂ, പോലീസ്, കെ.എസ്.ഇ.ബി., ആരോഗ്യവകുപ്പ്, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് തദ്ദേശ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിക്കുമെന്ന് പ്രിൻസിപ്പൽ ഡയറക്ടർ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ജെ.സി.ബി., ബോട്ടുകൾ, ജനറേറ്ററുകൾ, പമ്പ് സെറ്റുകൾ, ചെയിൻസോകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ, യുവജന സംഘടനകൾ എന്നിവരുടെ സേവനം ഫലപ്രദമായി പ്രയോജനപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട ജീവഹാനി, ആളുകളെ ഒഴിപ്പിക്കൽ, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യസമയത്ത് ജില്ലാ ജോയിന്റ് ഡയറക്ടർമാർ മുഖേന സർക്കാരിനെ അറിയിക്കണമെന്നും നിർദേശം നൽകി. കാലാവസ്ഥാ വകുപ്പിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പാക്കാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്നും ഡോ. ദിവ്യ എസ്. അയ്യർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img