കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും പസഫിക് മേഖലയിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയും കേരളത്തിൽ മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനിടയുള്ളതിനാലാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ ഈ ജില്ലകൾക്ക് പുറമെ കാസർഗോഡിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.8 മുതൽ 3 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള തീരപ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.











