05:43pm 08 September 2026
NEWS
കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
08/09/2026  04:23 PM IST
nila
കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
HIGHLIGHTS

 

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അറബിക്കടലിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ 10 മുതൽ 12 വരെ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. സെപ്റ്റംബർ 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും സെപ്റ്റംബർ 12ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 8ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മറ്റ് മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

സെപ്റ്റംബർ 8, 9 തീയതികളിൽ സോമാലിയ, ഒമാൻ തീരങ്ങൾക്കും സമീപത്തെ മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, വടക്കുപടിഞ്ഞാറൻ അറബിക്കടൽ മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

സെപ്റ്റംബർ 10ന് സോമാലിയ, ഒമാൻ തീരങ്ങൾക്കും സമീപത്തെ അറബിക്കടൽ മേഖലകളിലും സമാനമായ കാറ്റിന് സാധ്യതയുണ്ട്. സെപ്റ്റംബർ 11, 12 തീയതികളിൽ സോമാലിയ തീരത്തും സമീപത്തെ തെക്കുപടിഞ്ഞാറൻ അറബിക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്ന സമുദ്ര മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img