
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ ബാക്കി 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തീരദേശങ്ങളിലും മലയോര മേഖലയിലും താമസിക്കുന്നവർക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. നാളെയോടെ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ.
അതേസമയം, അതിതീവ്ര മഴ സംസ്ഥാനത്ത് വൻ ദുരിതമാണ് വിതച്ചത്. വിവിധ ജില്ലകളിലായി മഴക്കെടുതിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം എട്ടായി. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ രാത്രിയിലുണ്ടായ കനത്ത മഴ വ്യാപക നാശനഷ്ടമുണ്ടാക്കി.
കോട്ടയത്തും ഇടുക്കിയിലും ഉണ്ടായ മണ്ണിടിച്ചിലുകളിൽ നാല് പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടലിൽ വീട് തകർന്നതിനെ തുടർന്ന് 24-കാരനായ ജോസഫിൻ ജോണിയും അമ്മ റജീനയും മരിച്ചു. ഇടുക്കി അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും മരണപ്പെട്ടു. കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.
മലപ്പുറത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ രണ്ട് കുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് വയസുകാരൻ അബ്ദുൽ മുഹൈനിയും, കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ് നാല് വയസുകാരൻ ആദം അയ്മനും ജീവൻ നഷ്ടപ്പെട്ടു.
വയനാട് പടിഞ്ഞാറെത്തറയിൽ കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി മരിച്ചു. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയപ്പോൾ, കാണാതായ മറ്റൊരാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.











