
- ലോക്കോപൈലറ്റുമാർക്ക് മതിയായ വിശ്രമമില്ലാതെ റെയിൽവേ
- പിരിമുറുക്കം നൽകുമ്പോൾ ജനങ്ങളുടെ ജീവൻ ഭീഷണിയിൽ.
- 10 ഉം 12 ഉം മണിക്കൂർ മൂത്രമൊഴിക്കാൻ പോലും സമയവും സൗകര്യവും ലഭിക്കാത്ത വനിതാ ലോക്കോപൈലറ്റുമാർ അതിന് കാണുന്ന പ്രതിവിധി വെള്ളം കുടിക്കാതിരിക്കൽ
കൂടുതൽ ഭാരം കൂടുതൽ വേഗത്തിൽ കൂടുതൽ ദൂരത്തേയ്ക്ക് എത്തിക്കുവാനുള്ള ഏറ്റവും പ്രായോഗികമായ മാർഗ്ഗമായിട്ടാണ് ട്രെയിനുകളെ പൊതുവേ വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യകാലത്ത് ഖനികളിലും മറ്റും സാധനങ്ങൾ കൊണ്ടുപോകുന്നതിന് ഉപയോഗിച്ചിരുന്ന ഈ സംവിധാനം പിന്നീട് മനുഷ്യയാത്രയ്ക്കും ഉപയോഗിച്ചുതുടങ്ങിയതോടെ അഭൂതപൂർവ്വമായ മാറ്റങ്ങൾക്കാണ് ലോകം വിധേയമായത്. ചരക്കുനീക്കത്തിനും യാത്രയ്ക്കുമൊക്കെ പിന്നീട് പല പല മാർഗ്ഗങ്ങൾ കണ്ടെത്തപ്പെട്ടുവെങ്കിലും ട്രെയിനുകൾക്കുള്ള സ്ഥാനവും പ്രാധാന്യവും അവയ്ക്കൊന്നും കൈവരിക്കാനായില്ല എന്നുള്ളതാണ് സത്യം. അത്രകണ്ട് ആധുനിക മനുഷ്യജീവിതവുമായി ഇഴചേർന്ന ഒരു സംവിധാനമാണ് ഇന്ന് ട്രെയിനുകൾ.
കേരളത്തിൽ തിരുവനന്തപുരം ഡിവിഷനിൽ നിന്നുമാത്രം പ്രതിദിനം ഓപ്പറേറ്റ് ചെയ്യുന്ന ട്രെയിനുകളുടെ എണ്ണം 242 ആണ്. ഇതിൽ ഓരോ ട്രെയിനിലും ശരാശരി 1600 പേർ യാത്ര ചെയ്യുന്നു എന്ന് കണക്കുകൂട്ടിയാൽ തന്നെ ഏതാണ്ട് നാലുലക്ഷത്തോളം ആളുകളാണ് ദിനംപ്രതി തിരുവനന്തപുരം ഡിവിഷന് കീഴിൽ മാത്രം ട്രെയിൻ യാത്രക്കാരായിട്ടുള്ളത്. പാലക്കാട് ഡിവിഷനെക്കൂടി കൂട്ടിയാൽ സംഖ്യ ഇരട്ടിക്കും. എന്നാൽ ആനുപാതികമായ സ്ട്രെംഗ്ത് റെയിൽവേയിലെ പല വിംഗുകളിലും ഇല്ല എന്നാണ് കേൾക്കുന്നത്. അത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ലോക്കോ പൈലറ്റുമാരുടെ കാര്യത്തിലാണ്.തിരുവനന്തപുരം ഡിവിഷനിൽ തന്നെ 250 ഓളം ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്.
ജോലിഭാരം കൂട്ടുമ്പോൾ...
കഴിഞ്ഞ ജൂൺ 1 മുതൽ 28 വരെ ആൾ ഇൻഡ്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ നാല് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരു സമരം നടത്തിയിരുന്നു. ദക്ഷിണ റെയിൽവേ എംപ്ലോയിസ് യൂണിയൻ അനുഭാവം പ്രകടിപ്പിച്ച് പങ്കെടുത്ത ആ സമരത്തിലെ മുഖ്യ ആവശ്യം ലോക്കോപൈലറ്റുമാരുടെ ജോലി ഭാരം കുറയ്ക്കുക എന്നുള്ളതായിരുന്നു. എക്സ്പ്രസ് ട്രെയിനുകളിൽ 6 മണിക്കൂറും, ഗുഡ്സ് ട്രെയിനുകളിൽ 8 മണിക്കൂറുമാക്കി, ജോലി സമയം നിജപ്പെടുത്തണമെന്നുള്ളതായിരുന്നു പ്രധാന ആവശ്യം.
നിലവിൽ ലോക്കോപൈലറ്റുമാരുടെ സാധാരണ ജോലി സമയം എട്ട് മണിക്കൂറാണ്. ഇതിൽ തന്നെ, എക്സ്റ്റൻഷൻ മെമോ നൽകിയാൽ രണ്ട് മണിക്കൂർ കൂടി വർക്ക് ചെയ്യണം. എന്നിട്ടും ഉദ്ദേശിക്കുന്ന ഡെസ്റ്റിനേഷനിൽ എത്തിയില്ലെങ്കിൽ പിന്നെയും ഒരു മണിക്കൂർ കൂടി വർക്ക് ചെയ്യണം. അങ്ങനെ വരുമ്പോൾ 9+2+1=12 മണിക്കൂറാണ് ഫലത്തിൽ ഒരു ലോക്കോപൈലറ്റിന്റെ തൊഴിൽ സമയം.
2020 ൽ 9+2+1 എന്നുള്ളത് 8+2+1 എന്നാക്കി കുറയ്ക്കാമെന്ന് ഹൈപവർ കമ്മിറ്റിയുടെ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും കൊറോണ വന്നതുകാരണം ആ നിർദ്ദേശം തട്ടിൻപുറത്ത് വയ്ക്കുകയായിരുന്നു. പിന്നീടും പലപല കമ്മിറ്റികൾ ജോലി സമയം കുറയ്ക്കണമെന്ന് പറഞ്ഞെങ്കിലും ജീവനക്കാരുടെ കുറവുകാരണം ഇനിയും നടന്നിട്ടില്ല. അതേസമയം ട്രെയിനുകളുടെ എണ്ണം കൂടുകയും ചെയ്യുന്നു.
തിരുവനന്തപുരം ഡിവിഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ എണ്ണം 242 ആണെന്ന് പറഞ്ഞല്ലോ. ഇതിൽ ഓരോ ട്രെയിനിലും ഒരു പൈലറ്റും, ഒരു അസിസ്റ്റന്റ് പൈലറ്റും എന്ന് കണക്കാക്കിയാൽതന്നെ 484 ആയി. ഇതിൽ 30 ശതമാനം ലീവ് റിസർവും പിന്നെ ട്രെയിനി റിസർവും ഒക്കെക്കൂടി കണക്കാക്കുമ്പോൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് ആകെ മൊത്തം വേണ്ട ലോക്കോപൈലറ്റുമാരുടെ സംഖ്യ 2000 ത്തിലധികമാണ്. എന്നാൽ നിലവിലുള്ളത് 1100 നടുത്തും.
ഇതുമൂലം ഉള്ളവർ മതിയായ വിശ്രമം പോലുമില്ലാതെ കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നു. കേരളത്തിൽ മാത്രമല്ല, ഇൻഡ്യയൊട്ടുക്ക് ഇതാണ് സ്ഥിതി. റണ്ണിംഗ് സ്റ്റാഫിന്റെ സമരത്തിന് മുൻപ് രാജ്യത്ത് മൊത്തത്തിൽ 5700 ഒഴിവുകളുണ്ടെന്നുപറഞ്ഞ റെയിൽവേ, സമരത്തിനുശേഷം 18000 ഒഴിവുകളുണ്ടെന്നുപറഞ്ഞ് നോട്ടിഫിക്കേഷൻ പുറത്താക്കിയിട്ടുള്ളത് പ്രത്യേകം പറയേണ്ടുന്ന കാര്യമാണ്.
ജോലിഭാരം കൂടുമ്പോൾ...
ലോക്കോപൈലറ്റുമാർ ഈവിധം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് അപകട സാധ്യത കൂട്ടുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിൽ പൊതുവേ കുറവാണെങ്കിലും വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ കൂടെക്കൂടെ ഉണ്ടാകുന്ന ട്രെയിൻ ദുരന്തങ്ങൾക്ക് കാരണം പലപ്പോഴും ലോക്കോപൈലറ്റുമാരുടെ വിശ്രമമില്ലാത്ത ജോലിഭാരം തന്നെയാണെന്നാണ്, അപകടത്തെത്തുടർന്ന് നടത്തിയിട്ടുള്ള പല അന്വേഷണങ്ങളുടെയും റിപ്പോർട്ടുകൾ അടിവരയിട്ട് പറഞ്ഞിട്ടുള്ളത്.
സുരക്ഷിതത്വത്തിന്റെ ഭാഗമായിട്ടാണെങ്കിൽപ്പോലും സിഗ്നലുകളുടെ എണ്ണം കൂട്ടിയതും ഫലത്തിൽ പൈലറ്റുമാരുടെ സ്ട്രെയിൻ കൂട്ടിയിരിക്കുകയാണ്. ഉദാഹരണത്തിന്, മുമ്പ് കൊല്ലത്തുനിന്നും കോട്ടയം ഭാഗത്തേയ്ക്ക് പുറപ്പെടുന്ന ഒരു ട്രെയിനിന് സ്റ്റാർട്ട് ചെയ്തുകഴിഞ്ഞാൽ പിന്നെ പെരിനാട് സ്റ്റേഷനിൽ മാത്രമേ സിഗ്നൽ ഉണ്ടായിരുന്നുള്ളൂ. അതിനാൽ പെരിനാട് എത്തുന്ന 10 മിനിറ്റിനുള്ളിൽ വേണമെങ്കിൽ ഒരു ചെറിയ റിലാക്സിന് സമയമുണ്ടായിരുന്നു. എന്നാലിന്നിപ്പോൾ ആ സ്ഥാനത്ത് 4 സിഗ്നലുകളാണുള്ളത്. അതുകൂടാതെ ഗേറ്റ് സിഗ്നലുകളും, രണ്ട് സ്റ്റേഷനുകളെ തമ്മിൽ സെപ്പറേറ്റ് ചെയ്യുന്ന സിഗ്നലുമുണ്ട്. അങ്ങനെ സിഗ്നലുകളുടെ എണ്ണം കൂടുന്നതനുസരിച്ച് പൈലറ്റുമാരുടെ മാനസിക പിരിമുറുക്കവും കൂടും എന്നുപറയേണ്ടതില്ലല്ലോ.
അതുപോലെ വീക്കിലി റെസ്റ്റിന്റെ കാര്യത്തിലും പൈലറ്റുമാരോടുള്ള റെയിൽവേയുടെ സമീപനം ഒട്ടും ശരിയല്ല എന്നാണ് അവർക്കിടയിലെ സംസാരം. 6 ഉം 7 ഉം ദിവസം കൂടുമ്പോൾ 30 മണിക്കൂർ റെസ്റ്റ് ആണ് ഇവർക്ക് കിട്ടുന്നത്. അത് ഒരു ദിവസത്തെ റെസ്റ്റിന് തുല്യമാകുന്നില്ല എന്നാണ് പരാതി. അതുമൂലം ഫലത്തിൽ 365 ദിവസവും ജോലി ചെയ്യുന്ന പ്രതീതിയാണത്രെ ഉണ്ടാകുന്നത്. ജൂണിലെ സമരത്തിൽ ഇതും ഒരു പ്രധാന ഡിമാൻഡായിരുന്നു. ഒരു കലണ്ടർ ഡേ റസ്റ്റാണ് ഇവരുടെ ആവശ്യം.
വനിതാ പൈലറ്റുമാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പറയാതിരിക്കുകയാണത്രെ ഭേദം. ഉദാഹരണത്തിന് മൂത്രമൊഴിക്കുന്ന വിഷയം തന്നെ നോക്കാം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വണ്ടി പ്ലാറ്റ്ഫോമിൽ നിർത്തുമ്പോഴോ അല്ലെങ്കിൽ എൻജിന്റെ മറവിൽ നിന്നോ ഒക്കെ മൂത്രമൊഴിക്കാം. എന്നാൽ സ്ത്രീകൾക്ക് അത് പറ്റില്ലല്ലോ. 10 ഉം 12 ഉം മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്ന വനിതാ പൈലറ്റുമാർ ചെയ്യുന്നത് വെള്ളം കുടിക്കാതിരിക്കലാണ്. പക്ഷേ മൂത്രമൊഴിക്കാതിരിക്കുവാനായി വെള്ളം കുടിക്കാതിരിക്കുന്ന ഇവരിൽ പലർക്കും യൂറിനറി ഇൻഫക്ഷൻ ഉൾപ്പെടെ നിരവധി രോഗപ്രശ്നങ്ങളാണുള്ളത്. അതൊന്നും റെയിൽവേയ്ക്ക് ഒരു വിഷയമേ അല്ല. അതിനൊരു പ്രതിവിധിയായി പ്രധാനപ്പെട്ട സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമിന്റെ അറ്റത്ത് ഒരു വാഷ്റൂം അനുവദിക്കണം എന്നാണ് ആവശ്യം.
വർക്ക് ചെയ്ത് ചെല്ലുന്ന സ്ത്രീകൾക്ക് റെസ്റ്റ് എടുക്കാൻ പ്രത്യേക ക്യാബുകൾ വേണമെന്നും, നൈറ്റ് ഡ്യൂട്ടിക്കും മറ്റും പൈലറ്റുമാരെ വിളിക്കാൻ ചെല്ലുന്നത് പുരുഷ കാൾബോയ്സ് ആണ് എന്നുള്ളതുമൊക്കെ ലോക്കോ പൈലറ്റുമാരുടെ നിരവധിയായ പ്രശ്നങ്ങളാണെന്നുപറയുമ്പോൾ 1500 ഉം 1600 ഉം ഒക്കെ യാത്രക്കാരെ സുരക്ഷിതരായി എത്തിക്കേണ്ടിടത്ത് എത്തിക്കേണ്ട ഇവർക്ക് ശാരീരികവും മാനസികവുമായ പിരിമുറുക്കം ഉണ്ടാകാതെ നോക്കേണ്ടത് അത്യാവശ്യമാണ്.
അതിനിടെ റെയിൽവേ കൊണ്ടുവന്ന ഒരു തുഗ്ലക്കിയൻ പരിഷ്ക്കാരത്തെക്കുറിച്ചുകൂടി പറയാതിരിക്കാനാവില്ല. ഡ്യൂട്ടിക്ക് കയറും മുൻപ് ആൽക്കഹോൾ ഉപയോഗിച്ചിട്ടുണ്ടോന്നറിയാൻ ലോക്കോപൈലറ്റുമാരെ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കുന്ന മരമണ്ടൻ രീതി ചിരിക്ക് വക നൽകുന്നതാണ്.
മൗത്ത് വാഷ്, പഴങ്ങൾ, ഈന്തപ്പഴം, കഫ് സിറപ്പ്... ഒക്കെ കുടിച്ചവരെക്കൊണ്ട് ഊതിച്ചാൽ ബ്രീത്ത് അനലൈസർ ബീപ് ശബ്ദം പുറപ്പെടുവിക്കും. അങ്ങനെ ബീപ് ശബ്ദം കേട്ടാലുടൻ അത് ഉന്നത ഉദ്യോഗസ്ഥർക്ക് മെസ്സേജ് ആയി പോകുന്ന സംവിധാനമാണുള്ളത്. മെസ്സേജ് കിട്ടേണ്ട താമസം ആ പൈലറ്റിനെ ഡ്യൂട്ടിയിൽ നിന്നുമാറ്റും. പൈലറ്റ് ഡ്യൂട്ടിക്ക് കയറുന്നതിന് തൊട്ടുമുൻപ് ഇവ്വിധം ബീപ് ശബ്ദം കേട്ട് മാറ്റിനിർത്തപ്പെടുമ്പോൾ പകരം സംവിധാനം ഒരുക്കണ്ടെ. അത് പലപ്പോഴും ബുദ്ധിമുട്ടാകുമ്പോൾ ട്രെയിൻ യാത്ര പുറപ്പെടാനും വൈകും.
ഇത്രയും നടപടിക്രമങ്ങൾ കഴിഞ്ഞുമാത്രമേ പൈലറ്റിനെ എല്ലാവരും കാണെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകൂ. പരിശോധനയിൽ അയാൾ ആൽക്കഹോൾ ഉപയോഗിച്ചിട്ടില്ല എന്നുതെളിഞ്ഞാലും അയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടിക്രമങ്ങൾ അതിനകം പൂർത്തിയായിക്കഴിഞ്ഞിരിക്കും. റെയിൽവേ സിസ്റ്റത്തെ തകർക്കാൻ വേണ്ടി മനഃപൂർവ്വം ചെയ്യുന്ന പ്രവർത്തിയായി കണ്ടാണ് നടപടി സ്വീകരിക്കുന്നത്.