
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പിന്നാക്ക സമുദായങ്ങൾക്ക് വിജയസാദ്ധ്യതയുള്ള സീറ്റുകൾ തന്നെ നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കർശന നിർദ്ദേശം നൽകി. കോൺഗ്രസ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്കാണ് അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. ഇതോടെ, പാർട്ടി സ്ക്രീനിംഗ് കമ്മിറ്റി നേരത്തെ സമർപ്പിച്ച സ്ഥാനാർത്ഥിപ്പട്ടികയിൽ വിപുലമായ മാറ്റങ്ങൾക്കും പരിശോധനകൾക്കും വഴിതെളിഞ്ഞു.
കഴിഞ്ഞയാഴ്ച ശിവഗിരി സന്ദർശിച്ച രാഹുൽ ഗാന്ധിക്ക്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പിന്നാക്കക്കാരുടെ അവഗണന ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. ശിവഗിരി മഠത്തിന്റെ ഈ ആവശ്യം അതീവ ഗൗരവത്തോടെ പരിഗണിക്കുമെന്ന് അന്ന് നൽകിയ ഉറപ്പാണ് ഇപ്പോൾ രാഹുൽ പാലിച്ചിരിക്കുന്നത്.
തൃപ്പൂണിത്തുറയിൽ സമവാക്യങ്ങൾ മാറുന്നു
നിലവിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ഈഴവ സമുദായത്തിൽ നിന്നുള്ള ഏക പ്രതിനിധി കെ. ബാബുവാണ്. അദ്ദേഹം ഇത്തവണ മത്സരരംഗത്തില്ലാത്ത സാഹചര്യത്തിൽ, ആ സീറ്റിലേക്ക് രമേശ് പിഷാരടി, രാജു പി. നായർ എന്നിവരെ പരിഗണിച്ചത് പാർട്ടിയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
സമുദായ പ്രാതിനിധ്യം ഉറപ്പാക്കാൻ എം. ലിജുവിനെയോ കൊച്ചി ഡെപ്യൂട്ടി മേയർ ദീപക് ജോയിയെയോ ഇവിടെ പരിഗണിച്ചേക്കും.
എം. ലിജു മത്സരിച്ചിരുന്ന അമ്പലപ്പുഴ സീറ്റ്, സി.പി.എമ്മുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കാനായി മാറ്റി വെച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് സീറ്റ് തർക്കം
തലസ്ഥാനത്തെ സുപ്രധാന സീറ്റായ തിരുവനന്തപുരം, ഘടകകക്ഷിയായ സി.എം.പിക്ക് (സി.പി. ജോൺ) നൽകാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തുവന്നു.
ടി. ശരത്ചന്ദ്ര പ്രസാദ്, ജി. സുബോധൻ തുടങ്ങിയ നേതാക്കൾ ഈ സീറ്റുകൾക്കായി അവകാശവാദം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ തവണ സി.പി.എം ഈഴവ വിഭാഗത്തിന് നൽകിയ വർക്കല, കഴക്കൂട്ടം, വട്ടിയൂർക്കാവ് സീറ്റുകളിൽ അവർ വിജയിച്ചിരുന്നു. എന്നാൽ കോൺഗ്രസിന് ഈ മേഖലകളിൽ തിരിച്ചടി നേരിട്ടു.
ചിറയിൻകീഴ് സംവരണ മണ്ഡലത്തിലും ഇത്തവണ വിജയസാദ്ധ്യതയുള്ള പുതുമുഖങ്ങളെ ഇറക്കണമെന്ന് ആവശ്യം ശക്തമാണ്. കെ.പി.സി.സി അംഗം ജി. ലീനയും സീറ്റിനായി രംഗത്തുണ്ട്.
ഇന്നലെ വൈകിട്ട് ചേർന്ന നിർണ്ണായക യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പങ്കെടുത്തു. ഹൈക്കമാൻഡ് ഇടപെടലോടെ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ സീറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.











