
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗത്വം രാജിവെക്കണമെന്ന് പറയുന്നതിൽ യുക്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്കോ നിയമപരമായോ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടുമില്ല. ഈ പശ്ചാത്തലത്തിൽ രാഹുൽ നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന് പറയുന്നതിൽ ഒരു ന്യായീകരണവും യുക്തിയുമില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കേസും പരാതിയുമില്ലാത്ത ആരോപണങ്ങളിൽ രാജിവെയ്ക്കുന്ന കീഴ്വഴക്കം കേരളത്തിലില്ലെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഗുരുതരമായ കേസുകളും എഫ്ഐആറുമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവെയ്ക്കാത്ത നിരവധി സംഭവങ്ങൾ മുന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർക്കും അത്തരത്തിൽ രാഹുൽ രാജിവെയ്ക്കണമെന്ന ആവശ്യമുന്നയിക്കാനുള്ള ധാർമികതയുമില്ല. അങ്ങനെ ഒരു പാരമ്പര്യം കേരള രാഷ്ട്രീയത്തിലില്ല. സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും അങ്ങേയറ്റം സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.











