03:22am 12 November 2026
NEWS
ഒരൊറ്റ വർഷം: എം.എൽ.എയായി സത്യപ്രതിജ്ഞ, പുറത്തേക്കുള്ള വഴി! രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്രതീക്ഷിത രാഷ്ട്രീയ പതനം
05/12/2025  10:01 AM IST
ന്യൂസ് ബ്യൂറോ
ഒരൊറ്റ വർഷം: എം.എൽ.എയായി സത്യപ്രതിജ്ഞ, പുറത്തേക്കുള്ള വഴി! രാഹുൽ മാങ്കൂട്ടത്തിലിന്റെ അപ്രതീക്ഷിത രാഷ്ട്രീയ പതനം

​തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മറ്റൊരു യുവനേതാവിനും കൈവരിക്കാൻ കഴിയാത്ത സ്വപ്നതുല്യമായ വളർച്ചയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. എന്നാൽ, ആ തകർച്ചയും അതേപോലെ അപ്രതീക്ഷിതം. ഉന്നതങ്ങളിലെത്താൻ പ്രാപ്തനെന്ന് സ്വന്തം പാർട്ടിക്കാരും രാഷ്ട്രീയ എതിരാളികൾ പോലും വിലയിരുത്തിയ ചുറുചുറുക്കിനാണ് കാലിടറിയത്.
​ വാക്ചാതുരി: കരുത്തും വളർച്ചയും
​വാക്ചാതുരിയായിരുന്നു രാഹുലിന്റെ ഏറ്റവും വലിയ കരുത്ത്.
​ചാനൽ ചർച്ചകളിൽ വസ്തുതാപരമായ രാഷ്ട്രീയ വാദമുഖങ്ങൾ കൊണ്ട് എതിരാളികളെ നിലംപരിശാക്കിയത് പതിവായതോടെ പൊതുസമൂഹത്തിൽ താരപരിവേഷം ലഭിച്ചു. ഇതാണ് പിന്നീടുള്ള രാഷ്ട്രീയ വളർച്ചയുടെ കാതലായത്.
​പാരമ്പര്യത്തിന്റെ പിൻബലത്തിലായിരുന്നില്ല രാഹുലിന്റെ രാഷ്ട്രീയ പ്രവേശം. 2006ൽ പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെത്തിയതോടെ കെ.എസ്.യുവിന്റെ ഓരംപറ്റി സംഘടനാ പ്രവർത്തനത്തിനിറങ്ങി.
​സംഘടനാ പദവികൾ: കെ.എസ്.യു ജില്ലാ സെക്രട്ടറി (2009-2017), ജില്ലാ പ്രസിഡന്റ് (2017), സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി (2018), യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി (2020).
​2023-ൽ ഷാഫി പറമ്പിലിന് പകരക്കാരനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തി. സമരമുഖങ്ങളിലെ മുന്നണിപ്പോരാളിയായി മാറിയത് അദ്ദേഹത്തിന് കരുത്ത് കൂട്ടി.
​പകരക്കാരനായത് യാദൃച്ഛികമല്ല
​ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് വിജയിച്ചതോടെ, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ തന്നെ പിന്മുറക്കാരനായത് യാദൃച്ഛികമായിരുന്നില്ല.
​ഷാഫിയുടെ നിർബന്ധത്തിനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അനുഗ്രഹത്താലും സ്ഥാനാർത്ഥിത്വം രാഹുലിലെത്തി.
​എതിർ സ്ഥാനാർത്ഥിയായി വന്ന, കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ഡോ.പി.സരിനെ, 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ പരാജയപ്പെടുത്തി.
​2024 ഡിസംബർ നാലിന് നിയമസഭയിൽ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുലിന് കൃത്യം ഒരു വർഷത്തിന് ശേഷം (2025 ഡിസംബർ നാലിന്) പാർട്ടിക്ക് പുറത്തു പോകേണ്ടി വന്നത് യാദൃച്ഛികമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img