
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മറ്റൊരു യുവനേതാവിനും കൈവരിക്കാൻ കഴിയാത്ത സ്വപ്നതുല്യമായ വളർച്ചയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റേത്. എന്നാൽ, ആ തകർച്ചയും അതേപോലെ അപ്രതീക്ഷിതം. ഉന്നതങ്ങളിലെത്താൻ പ്രാപ്തനെന്ന് സ്വന്തം പാർട്ടിക്കാരും രാഷ്ട്രീയ എതിരാളികൾ പോലും വിലയിരുത്തിയ ചുറുചുറുക്കിനാണ് കാലിടറിയത്.
വാക്ചാതുരി: കരുത്തും വളർച്ചയും
വാക്ചാതുരിയായിരുന്നു രാഹുലിന്റെ ഏറ്റവും വലിയ കരുത്ത്.
ചാനൽ ചർച്ചകളിൽ വസ്തുതാപരമായ രാഷ്ട്രീയ വാദമുഖങ്ങൾ കൊണ്ട് എതിരാളികളെ നിലംപരിശാക്കിയത് പതിവായതോടെ പൊതുസമൂഹത്തിൽ താരപരിവേഷം ലഭിച്ചു. ഇതാണ് പിന്നീടുള്ള രാഷ്ട്രീയ വളർച്ചയുടെ കാതലായത്.
പാരമ്പര്യത്തിന്റെ പിൻബലത്തിലായിരുന്നില്ല രാഹുലിന്റെ രാഷ്ട്രീയ പ്രവേശം. 2006ൽ പത്തനംതിട്ട കാതോലിക്കറ്റ് കോളേജിലെത്തിയതോടെ കെ.എസ്.യുവിന്റെ ഓരംപറ്റി സംഘടനാ പ്രവർത്തനത്തിനിറങ്ങി.
സംഘടനാ പദവികൾ: കെ.എസ്.യു ജില്ലാ സെക്രട്ടറി (2009-2017), ജില്ലാ പ്രസിഡന്റ് (2017), സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി (2018), യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി (2020).
2023-ൽ ഷാഫി പറമ്പിലിന് പകരക്കാരനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തി. സമരമുഖങ്ങളിലെ മുന്നണിപ്പോരാളിയായി മാറിയത് അദ്ദേഹത്തിന് കരുത്ത് കൂട്ടി.
പകരക്കാരനായത് യാദൃച്ഛികമല്ല
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് വിജയിച്ചതോടെ, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ തന്നെ പിന്മുറക്കാരനായത് യാദൃച്ഛികമായിരുന്നില്ല.
ഷാഫിയുടെ നിർബന്ധത്തിനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അനുഗ്രഹത്താലും സ്ഥാനാർത്ഥിത്വം രാഹുലിലെത്തി.
എതിർ സ്ഥാനാർത്ഥിയായി വന്ന, കോൺഗ്രസ് വിട്ട് സി.പി.എമ്മിലെത്തിയ ഡോ.പി.സരിനെ, 18,840 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രാഹുൽ പരാജയപ്പെടുത്തി.
2024 ഡിസംബർ നാലിന് നിയമസഭയിൽ എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്ത രാഹുലിന് കൃത്യം ഒരു വർഷത്തിന് ശേഷം (2025 ഡിസംബർ നാലിന്) പാർട്ടിക്ക് പുറത്തു പോകേണ്ടി വന്നത് യാദൃച്ഛികമായി.











