
തിരുവനന്തപുരം: നിലവിൽ സസ്പെൻഷനിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ നീക്കമെന്ന് സൂചന. രാഹുലിനെതിരെ ലൈംഗിക പീഡനപരാതികൾ പരമ്പരയായി ഉയരുന്നതിനിടെയാണ് കോൺഗ്രസിനുള്ളിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കുന്ന പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വിവാദം ഉണ്ടാക്കുന്ന പരിക്ക് ചെറുതല്ലെന്ന നിഗമനത്തിലാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് ഇനി രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമോ എന്ന ചോദ്യമാണ് പാർട്ടി വൃത്തങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും പ്രധാന ചർച്ചാവിഷയം.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതി പരിഗണിക്കുന്നതിനാൽ, കോടതി പ്രതികരണത്തെ ആശ്രയിച്ചാണ് കോൺഗ്രസിന്റെ അടുത്ത നീക്കം എന്നാണ് സൂചന. കോടതിയിൽനിന്ന് പ്രതികൂല നിരീക്ഷണങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടായാൽ, പാർട്ടി രാഹുലിനെ പുറത്താക്കാൻ ഒരുങ്ങുന്നുവെന്നതാണ് പ്രധാന വിവരം.
കോൺഗ്രസ് ഇതിനകം രാഹുൽ മാങ്കൂട്ടത്തിൽനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ യുവതിയും ലൈംഗിക പീഡനപരാതി നൽകിയത് പാർട്ടിക്കുള്ളിലെ 'പൂർണ പുറത്താക്കൽ' നിലപാടിന് കൂടുതൽ ബലം നൽകി. ഇതോടെയാണ് കോൺഗ്രസ് നേതാക്കൾ അടിയന്തര കൂടിയാലോചനകൾ ആരംഭിച്ചത്.
ഇതിനിടെ, ജാമ്യമില്ലാ വകുപ്പിൽ കേസ് എടുത്തിട്ടും, രാഹുൽ ഏഴാം ദിവസവും ഒളിവിലാണ്. ബെംഗളൂരു മുതൽ സത്യമംഗലം വനമേഖലയിലെ റിസോർട്ട് വരെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. രാഹുൽ യാത്ര ചെയ്തതെന്നാണ് സംശയിക്കുന്ന കാറും പൊലീസ് കണ്ടെത്തിയെങ്കിലും രാഹുലിനെ കണ്ടെത്താനായില്ല.
പുതിയ പരാതിയിൽ, 23കാരി വിവാഹ വാഗ്ദാനം നൽകി ഹോം സ്റ്റേയിൽ എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് ആരോപിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നലെ ലഭിച്ച ഇമെയിൽ പരാതി സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയിരുന്നു. പരാതിക്കു പിന്നിൽ ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ നിലപാട്.










