04:12am 12 November 2026
NEWS
രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം
10/12/2025  02:02 PM IST
nila
രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.നസീറ ആണ് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്. ആദ്യ പീഡനക്കേസിൽ ജില്ലാക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ഇതോടെ ദിവസങ്ങളായി ഒളിവിൽ കഴിയുന്ന രാഹുലിന് ഇനി പൊതുസ്ഥലങ്ങളിൽ ധൈര്യമായെത്താം. 

എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിച്ച കോടതി ഇന്ന് വിധി പറയാൻ മാറ്റുകയായിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് തടയണമെന്ന നിർദേശവും നൽകിയിരുന്നു. 

ബെംഗളൂരു സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താൻ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ച രാഹുൽ അതിക്രൂരമായി തന്നെ ബലാത്സംഗം ചെയ്തതായാണ് അതിജീവിത എസ്‌ഐടിക്ക് മൊഴി നൽകിയത്. ശരീരമാകെ മുറിവേൽപ്പിച്ചു കൊണ്ടുള്ള ലൈംഗികാതിക്രമമാണ് രാഹുൽ നടത്തിയതെന്നും മൊഴിയിലുണ്ട്.

തന്റെ ടെലഗ്രാം നമ്പർ സംഘടിപ്പിച്ച ശേഷം താനുമായി രാഹുൽ മാങ്കൂട്ടത്തിൽ അടുപ്പം സ്ഥാപിച്ചു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി. അവധിക്ക് നാട്ടിലെത്തിയ തന്നെ ഭാവി കാര്യങ്ങൾ സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ കാറിൽ ഒരു ഹോം സ്റ്റേയിലെത്തിച്ചു. അവിടെ വെച്ച് തന്റെ എതിർപ്പ് അവഗണിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിനിടെ 'ഐ വാണ്ട് ടു റേപ്പ് യൂ' എന്ന് രാഹുൽ ആവർത്തിച്ചു. കരഞ്ഞ് കാലുപിടിച്ചിട്ടും ഉപദ്രവം തുടർന്നു. അതിനിടെ തനിക്ക് പാനിക്ക് അറ്റാക്കും ശ്വാസം മുട്ടലുമുണ്ടായി. എന്നിട്ടും രാഹുൽ പിന്മാറിയില്ല. അതിക്രമത്തിന് ശേഷം, തന്നെ വിവാഹം കഴിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞു. അതോടെ മാനസികമായും ശാരീരികമായും താൻ തകർന്നു. കുറച്ചുനാൾ കഴിഞ്ഞ് തന്നോട് ബന്ധം പുനഃസ്ഥാപിക്കാൻ രാഹുൽ ശ്രമിച്ചു. തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ശേഷം തന്റെ വീടിന് സമീപം കാറുമായെത്തി കയറാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഫോണിൽ വിളിച്ച് രാഹുൽ അസഭ്യം പറഞ്ഞെന്നും അതിജീവിത എസ്‌ഐടിക്ക് മൊഴി നൽകി. മൊഴിയും അതിജീവിത കൈമാറിയ തെളിവുകളും മുദ്രവെച്ച കവറിൽ പൊലീസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. അതിജീവിത നൽകിയ അതിക്രൂര ബലാത്സംഗം വെളിപ്പെടുത്തുന്ന മൊഴി രാഹുലിന് കുരുക്കായി മാറുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img