
ലൈംഗികാരോപണ വിവാദം കത്തുന്നതിനിടെ വീണ്ടും മാധ്യമങ്ങളെ കണ്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ രാജിക്കായി പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് മാധ്യമങ്ങളെ കണ്ടത്. എന്നാൽ, രാജി സംബന്ധിച്ച ഒരു പ്രതികരണവും രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയില്ല. ഗർഭഛിദ്രം ഉൾപ്പെടെയുള്ള ആരോപണങ്ങളിലും രാഹുൽ പ്രതികരിച്ചില്ല. എല്ലാ ചോദ്യങ്ങൾക്കും തന്റെ പക്കൽ ഉത്തരമുണ്ടെന്ന് പറഞ്ഞ രാഹുൽ, ട്രാൻസ് വുമണും ബിജെപി പ്രവർത്തകയുമായ അവന്തിക ഉന്നയിച്ച ആരോപണങ്ങളിൽ മാത്രമാണ് ഇന്ന് പ്രതികരിച്ചത്. താൻ കാരണം പാർട്ടി പ്രവർത്തകർ തല കുനിക്കാൻ പാടില്ലെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
'ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് അറിയാം. അതിന് എനിക്ക് ഉത്തരങ്ങളുണ്ട്. എന്റെ പ്രതികരണങ്ങൾ തേടാതെയാണ് പല വാർത്തകളും വരുന്നത്. ഞാൻ കുറ്റം ചെയ്തോ ഇല്ലയോ എന്നതിനപ്പുറം എല്ലാ പ്രതിസന്ധിയിലും പാർട്ടിക്കുവേണ്ടി ന്യായീകരിക്കാനും പ്രതിരോധിക്കാനും സാമൂഹികമാധ്യമങ്ങളിലും മാധ്യമങ്ങളിലും സമരങ്ങളിലും പ്രവർത്തിച്ച ആളെന്ന നിലയിലാണ് എനിക്കുനേരെ ഈ ആക്രമണം ഉണ്ടാകുന്നത്. പക്ഷേ ഞാൻ കാരണം പാർട്ടിപ്രവർത്തകർക്ക് തലകുനിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നത് ഉൾക്കൊള്ളാനാകില്ല' രാഹുൽ പറഞ്ഞു.
അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും കുടുക്കാൻ ശ്രമം ഉള്ളതായി തോന്നിയതായി അവന്തിക പറഞ്ഞതായും രാഹുൽ പറയുന്നു. ഓഗസ്റ്റ് ഒന്നിന് അവന്തികയുമായി സംസാരിച്ച ഓഡിയോ മാധ്യമങ്ങളെ കേൾപ്പിച്ചായിരുന്നു രാഹുലിന്റെ പ്രതിരോധം. പേര് പറഞ്ഞുകൊണ്ടുള്ള ആരോപണം ഉന്നയിച്ചത് ട്രാൻസ്ജെൻഡർ സുഹൃത്ത് അവന്തികയാണ്. ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 8.24 ന് അവന്തിക തന്നെ ഫോണിൽ വിളിച്ചിരുന്നു. മാധ്യമപ്രവർത്തകൻ വിളിച്ച് രാഹുൽ മാങ്കൂട്ടത്തിനിലെതിരെ പരാതിയുണ്ടോ മോശമായി അനുഭവം ഉണ്ടോയെന്ന് ചോദിച്ചതായി അവന്തിക പറഞ്ഞു. എന്തെങ്കിലും ഉണ്ടോയെന്ന് താൻ അവന്തികയോട് തിരിച്ചു ചോദിച്ചു. ചേട്ടനെ കുടുക്കാനുള്ള ശ്രമം ആയാണ് തോന്നിയതെന്ന് അവന്തിക പറഞ്ഞെന്നും രാഹുൽ പറഞ്ഞു. അവന്തികയും മാധ്യമപ്രവർത്തകനും തമ്മിലുള്ള ഫോൺ സംഭാഷണം രാഹുൽ പങ്കുവെച്ചു.
ഫോൺ സംഭാഷണത്തിൽ പറയുന്നത്-
അവന്തിക- എല്ലാം മറച്ചുവെച്ച് സംസാരിക്കേണ്ടതില്ലല്ലോ. ആരാണെന്ന് വ്യക്തമാക്കൂ
മാധ്യമപ്രവർത്തകൻ- അവന്തിക ഒരു ഭീഷണി നേരിടുന്നുണ്ടെന്ന് ഒരാൾ പറഞ്ഞു. അവരുടെ പേര് പിന്നീട് പറയാം. രാഹുൽ മാങ്കൂട്ടത്തിലിൻറെ ഭാഗത്ത് നിന്നും വളരെ മോശം അനുഭവം നേരിട്ടെന്നും ഭയം കൊണ്ട് പേര് പറയാത്തതാണെന്നും പറഞ്ഞു. ഫോൺ റെക്കോർഡ്സ് നിങ്ങളുടെ കയ്യിലുണ്ടെന്നുമാണ് പറഞ്ഞത്. എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയില്ല.
അവന്തിക- അങ്ങനെയുണ്ടെങ്കിൽ പൊലീസ് വഴി പരാതി പറയാനും പാർട്ടി വഴി പരാതി കൊടുക്കാനും അവസരം ഉള്ള സമൂഹത്തിലല്ലേ ജീവിക്കുന്നത്. മോശം അനുഭവം ഉണ്ടായാൽ തുറന്നുപറയാനുള്ള ബോധവും വിവരവും എനിക്കുണ്ട്. ആർക്കും പരാതി കൊടുത്തിട്ടില്ല. രാഹുൽ നല്ല സുഹൃത്താണ്. എന്നോട് മോശമായി സംസാരിച്ചിട്ടില്ല.
റിപ്പോർട്ടർ -ഒക്കെ
അവന്തിക- പരാതി പറഞ്ഞത് ആരാണ്. എന്നെക്കുറിച്ച് അപവാദം പറഞ്ഞുനടക്കുന്നത് ആരാണ്. പാലക്കാട് എംഎൽഎയിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞാൽ എങ്ങനെയാണ്.
മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിന് മുൻപ് തന്നെ അവന്തികയെ വിളിച്ച് ഇക്കാര്യം പുറത്തുപറയട്ടെയെന്ന് ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ നീതിയുടെ പക്ഷത്ത് നിൽക്കില്ലേയെന്നും അവന്തികയോട് ചോദിച്ചിരുന്നുവെന്നും രാഹുൽ പറയുന്നു.











