
ലൈംഗികാരോപണങ്ങളിൽപെട്ട രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു തന്നെ നിയമസഭാംഗത്വം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രാഹുലിന്റെ രാജിവേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ് കാലതാമസമില്ലാതെ സ്ഥാനമൊഴിയാൻ രാഹുൽ തയ്യാറാകുന്നത്. കോൺഗ്രസിൽ ഇക്കാര്യത്തിൽ ഏകാഭിപ്രായം രൂപപ്പെട്ടുകഴിഞ്ഞതായാണ് സൂചന.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ഉമ തോമസ് എം.എൽ.എ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അടക്കം പാർട്ടി ഒറ്റക്കെട്ടായി രാഹുലിനെതിരേ നിലകൊണ്ടതോടെയാണ് രാജിക്ക് വഴിയൊരുങ്ങുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും രാജിവെക്കണമെന്ന ആവശ്യമുയർത്തിക്കഴിഞ്ഞു.
രാഹുലിനെ എത്രയും പെട്ടെന്ന് രാജിവെപ്പിക്കണമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങി പാർട്ടി വനിതാ പ്രമുഖരും ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുത്തതോടെ കോൺഗ്രസിന് രാഹുലി രാജി വാങ്ങിക്കുകയെല്ലാതെ നിവൃത്തിയില്ലെന്നായി. പാർട്ടിക്കകത്ത് ഷാഫി പറമ്പിൽ മാത്രമാണ് രാഹുലിന് രാഷ്ട്രീയ സംരക്ഷണവുമായി രംഗത്തുള്ളത്. പരാതിയില്ല എന്ന സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. രാഹുലിനെതിരേ ഇനിയും ആരോപണങ്ങൾ ഉയർന്നുവരാനുള്ള സാധ്യതയും അവ പാർട്ടിക്കുണ്ടാക്കുന്ന അവമതിയും മുന്നിൽക്കണ്ടാണ് രാജിക്കായി സമ്മർദമുയർത്തുന്നത്.











