
ലൈംഗിക ചൂഷണ വിവാദത്തിൽപെട്ട യുവ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുണ്ടാകും. രാഹുൽ എംഎൽഎ പദവി രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാണ്. എന്നാൽ, രാഹുലിന്റെ രാജിക്ക് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നാണ് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ, രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിന് പകരം രാഹുലിനെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.
രാഹുൽ മാങ്കൂട്ടത്തിലിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യും. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ കെപിസിസി സമിതിയേയും നിയോഗിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചന. നേതാക്കളുടെ ചർച്ചയിലാണ് രാജി എന്ന കടുത്ത നിലപാട് സസ്പെൻഷനിലേക്ക് മാറുന്നത്.
രാജിവെച്ചാൽ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്നുള്ളത് തന്നെയാണ് പാർട്ടി നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം. രണ്ട് ഉപതെരഞ്ഞെടുപ്പുകൾ അടുപ്പിച്ച് പാലക്കാട് അടിച്ചേൽപ്പിച്ചു എന്നുള്ള വിമർശനം പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രാഹുലിനെ സസ്പെൻഡ് ചെയ്യും, ഒപ്പം രാഹുലിന്റെ വാദം കേൾക്കാൻ പാർട്ടി ഒരു അന്വേഷണം വെക്കാനും സാധ്യതയുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിക്കൊപ്പം രാഹുലിന്റെ സസ്പെൻഷൻ കൂടി ആകുമ്പോൾ, രാഷ്ട്രീയ എതിരാളികളുടെ ആരോപണങ്ങളെ നേരിടാൻ കഴിയും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.











