04:09pm 25 November 2026
NEWS
ബലാത്സംഗക്കേസ്: ഫോണുകളുടെ പാസ്കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിലിന് ബാധ്യതയെന്ന് സർക്കാർ ഹൈക്കോടതിയിൽ
25/11/2026  03:39 PM IST
nila
ബലാത്സംഗക്കേസ്: ഫോണുകളുടെ പാസ്കോഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിലിന് ബാധ്യതയെന്ന് സർക്കാർ ഹൈക്കോടതിയിൽ

 

കൊച്ചി: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണുകൾ അൺലോക്ക് ചെയ്യുന്നതിനുള്ള പാസ്കോഡ് കൈമാറാൻ പ്രതി രാഹുൽ മാങ്കൂട്ടത്തിലിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പാസ്കോഡ് നൽകാൻ പ്രതിയെ നിർബന്ധിക്കാമെന്നും ഇതിന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്.

തിരുവല്ല ബലാത്സംഗക്കേസിന്റെ അന്വേഷണത്തിനിടെ രാഹുലിന്റെ രണ്ട് മൊബൈൽ ഫോണുകളാണ് പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തത്. ഫോണുകൾ തുറക്കുന്നതിനായി പാസ്കോഡ് നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രാഹുൽ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

പാസ്കോഡ് നൽകാൻ നിർബന്ധിക്കുന്നത് സ്വയം കുറ്റാരോപണത്തിന് വഴിവയ്ക്കുന്നതിനെതിരായ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാകുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും പാസ്കോഡ് കൈമാറുന്നതിലൂടെ അവ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് രാഹുലിന്റെ വാദം.

രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മേയിലാണ് തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിദേശത്ത് താമസിക്കുന്ന 31കാരിയായ മലയാളി യുവതി നൽകിയ പരാതിയിലാണ് നടപടി. ജനുവരി 10ന് ഷൊർണൂരിലെ ഹോട്ടലിൽനിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തൊട്ടടുത്ത ദിവസം പത്തനംതിട്ട ജില്ലാ കോടതി മജിസ്ട്രേറ്റ് അദ്ദേഹത്തെ റിമാൻഡ് ചെയ്തു.

ബലാത്സംഗം, ശാരീരികവും മാനസികവുമായ പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. എന്നാൽ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ രാഹുൽ നിഷേധിച്ചിട്ടുണ്ട്. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.

നേരത്തേ രണ്ട് ബലാത്സംഗ പരാതികൾ ഉയർന്നതിന് പിന്നാലെ മൂന്നാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തതോടെയാണ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img