
പാലക്കാട്: കഴിഞ്ഞ തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിക്കാൻ കഷ്ടപ്പെട്ടവർക്കായാണ് വോട്ട് തേടി വീടു കയറുന്നതെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. സസ്പെൻഷനിലുള്ള ആൾ പാർട്ടി പരിപാടിയിൽ പങ്കെടുക്കരുത് എന്നാണ് നേതാക്കൾ പറഞ്ഞതെന്നും താൻ അത് അനുസരിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞ തവണ തനിക്കായി കഷ്ടപ്പെട്ടവരുടെ ആവശ്യം നിറവേറ്റാനുള്ള രാഷ്ട്രീയ ബാധ്യത തനിക്കുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
പദവിക്കുവേണ്ടി വീടു കയറി തുടങ്ങിയ ആളല്ല താനെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. വോട്ടില്ലാത്ത കാലത്ത് പാർട്ടിയുടെ പ്രചാരണത്തിനായി വീടു കയറിയ ആളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു. ആ ശീലം രണ്ടു കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം തുടരും. പദവിയുണ്ടെങ്കിലും ഇല്ലെങ്കിലും അത് തുടരും. സസ്പെൻഷൻ കാലത്ത് പാലിക്കേണ്ട അച്ചടക്കം പാലിച്ചാണ് മുന്നോട്ടു പോകുന്നതെന്നും രാഹുൽ പറഞ്ഞു. സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ എന്നിവരെല്ലാം തന്റെ നേതാക്കളാണെന്നും അവർ പറയുന്നത് അനുസരിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
ദുരനുഭവമുണ്ടായെന്ന യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും പിന്നാലെ പുറത്തുവന്ന സന്ദേശങ്ങളുടെ അടിസ്ഥാനത്തിലും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ രാജിവച്ചിരുന്നു. എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായം ഉയർന്നെങ്കിലും തൽക്കാലം രാജിയില്ലാതെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിനെതിരെ കഴിഞ്ഞ ഓഗസ്റ്റിൽ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം മുന്നോട്ടുനീങ്ങിയിട്ടില്ല. ഇരയായ യുവതി പരാതിയോ മൊഴിയോ നൽകാൻ തയാറാകാത്തതിനാലാണു കേസ് വഴിമുട്ടിയത്. യുവതിയുമായി സംസാരിച്ച ഏതാനും മാധ്യമപ്രവർത്തകരുടെയടക്കം മൊഴികൾ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. രാഹുൽ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നു കാട്ടി ഏതാനും പേർ പരാതി നൽകിയിരുന്നു.











