06:57pm 20 September 2026
NEWS
രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ; പിടികൂടിയത് പാതിരാത്രിയിൽ ഹോട്ടൽ മുറിയിൽ നിന്നും
11/01/2026  05:34 AM IST
nila
രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ; പിടികൂടിയത് പാതിരാത്രിയിൽ ഹോട്ടൽ മുറിയിൽ നിന്നും

പാലക്കാട്: രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച അർധരാത്രിയോടെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടിയത്. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പിടികൂടിയത്. ഒരു യുവതി നൽകിയ പുതിയ ബലാത്സം​ഗ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന.

ബലാത്സംഗവും ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇ-മെയിൽ വഴിയാണ് യുവതി പരാതി നൽകിയതെന്നാണ് വിവരം. തുടർന്ന് പ്രത്യേക സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കസ്റ്റഡി നടപടി സ്വീകരിച്ചത്.

രാഹുൽ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പേഴ്സണൽ സ്റ്റാഫ് ഇല്ലാത്ത സമയത്തായിരുന്നു പൊലീസ് എത്തിയത്. പരിശോധനയുടെ ഭാഗമായി ഹോട്ടൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. രാഹുൽ താമസിച്ചിരുന്ന 2002-ാം നമ്പർ മുറി പൊലീസ് സീൽ ചെയ്തു.

രണ്ടുദിവസമായി രാഹുൽ പാലക്കാട് ജില്ലയിൽ ഉണ്ടായിരുന്നു. വിവിധ പൊതുചടങ്ങുകളിലും ക്ഷേത്ര പരിപാടികളിലും പങ്കെടുത്തിരുന്നു. കസ്റ്റഡിയിലാക്കിയ ശേഷം രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.

നിലവിലെ പരാതിയോടെ രാഹുലിനെതിരായ കേസുകളുടെ എണ്ണം മൂന്നായി. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു. ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടി രാഹുലിനെ പുറത്താക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img