
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കൂടുതൽ പ്രതിസന്ധിയിലാക്കി വീണ്ടും ശബ്ദരേഖ. കഴിഞ്ഞ ദിവസം ഗർഭഛിദ്രം നടത്താനായി യുവതിയെ നിർബന്ധിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇന്നും അതേ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന മറ്റൊരു ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഗർഭഛിദ്രം നടത്തണമെന്ന രാഹുലിന്റെ ആവശ്യം യുവതി തള്ളിക്കളയുന്നുണ്ട്. തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്ന് അറിയാമോ എന്ന് രാഹുൽ ചോദിക്കുന്നതും ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖയിലുണ്ട്.
സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിനെതിരേ യുവതിയെ ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന ആരോപണവും ഉയർന്നിരുന്നു. ഈ ആരോപണത്തിന് തെളിവായാണ് പുതിയ ശബ്ദശകലം പ്രചരിക്കുന്നത്.
പ്രചരിക്കുന്ന ശബ്ദരേഖയുടെ പൂർണരൂപം:
യുവതി- എന്റെ അനുവാദം ഇല്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അർത്ഥത്തിലാണ്?
രാഹുൽ മാങ്കൂട്ടത്തിൽ- അത് താൻ ആലോചിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച് തനിക്ക് ബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
യുവതി- ഇതിന്റെ പ്രത്യാഘാതം ഞാൻ ഒറ്റയ്ക്ക് അഭിമുഖീകരിക്കാമെന്ന് പറഞ്ഞല്ലോ.
രാഹുൽ മാങ്കൂട്ടത്തിൽ- അത് ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ പറ്റാത്തത് കൊണ്ടല്ലേ ഞാൻ പറയുന്നത്. തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാൻ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ.
യുവതി- അത് താൻ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്. എന്നെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിൽ- അത് സ്വാഭാവികമല്ലേ, താൻ ഇപ്പോൾ തന്നെ പറ്റി മാത്രമല്ലേ ആലോചിക്കുന്നത്.
യുവതി- ഒരിക്കലുമല്ല, ഒരിക്കലുമല്ല.
രാഹുൽ മാങ്കൂട്ടത്തിൽ- താൻ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഇങ്ങനെ തീരുമാനമെടുക്കുന്നത്.
യുവതി- ഞാൻ തന്നെക്കുറിച്ച് ആലോചിച്ചില്ല എന്നായിരുന്നെങ്കിൽ എന്റെ സുഹൃത്തുക്കളോട് എപ്പോഴെ തന്റെ പേര് പറയാമായിരുന്നു. അവർ എത്രയോ വട്ടം എന്നോട് ചോദിച്ചെന്ന് അറിയാമോ. പറയ് പറയ്. ഇത്രയും ദിവസമായി പറഞ്ഞില്ലല്ലോ.
രാഹുൽ മാങ്കൂട്ടത്തിൽ- താൻ ഇതിന്റെ സീരിയസ്നസ് മനസ്സിലാക്കാതെ, എന്റെ ടെമ്പർ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധവുമില്ല.
യുവതി- തന്റെ ടെമ്പർ തെറ്റുമ്പോൾ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ചു പറയാൻ പറ്റുന്ന വസ്തു അല്ല ഞാൻ കേട്ടോ. താനാണ് എന്റെ ടെമ്പർ തെറ്റിച്ചത്. താൻ എന്റെ ടെമ്പർ ആണ് തെറ്റിച്ചത്. ഞാൻ തന്നെ ഒരു ചീത്തയും വിളിച്ചിട്ടില്ല. ഈ നിമിഷം വരെ മോശമായി ഒരു വാക്കുപോലും പറഞ്ഞില്ല. പത്ത് വട്ടം വിളിക്കാനുള്ള അവസരമുണ്ട്. പക്ഷേ ഞാൻ അത് ചെയ്യുന്നില്ല.
രാഹുൽ മാങ്കൂട്ടത്തിൽ- തന്റെ പ്രവർത്തി പോരേ.
യുവതി- എന്റെ പ്രവർത്തിയെന്ന് പറഞ്ഞ് എന്റെ കൂടെ ഉണ്ടായെന്ന് താൻ വിചാരിക്കേണ്ട. ഞാൻ ഒരു പെണ്ണാണല്ലോ, ഇതാണോ തന്റെ ആദർശം, വലിയ ആദർശമാണോ? ഇതൊക്കെയാണോ ആദർശം, ലൈഫിൽ കൊണ്ടുവാടോ ആദർശം. ഞാൻ ഒരിക്കലും അതിനോട് തെറ്റ് ചെയ്യില്ല, താൻ ചെയ്യുന്ന തെറ്റ് ഞാൻ അതിനോട് ചെയ്യില്ല.
രാഹുൽ മാങ്കൂട്ടത്തിൽ- താൻ എന്താണ് ഉദ്ദേശിക്കുന്നത്, താൻ എങ്ങനെയാണ് അത് മാനേജ് ചെയ്യുക?
യുവതി- ഞാൻ അത് മാനേജ് ചെയ്യുമെന്ന് പറഞ്ഞതല്ലേ.
രാഹുൽ മാങ്കൂട്ടത്തിൽ- ഞാൻ ചാടി ചവിട്ട് തരും, കേട്ടോ…, എടോ അത് ഉണ്ടായതിന് ശേഷം താൻ എന്ത് ചെയ്യും?
യുവതി- അത് ഉണ്ടായാൽ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ലല്ലോ
രാഹുൽ മാങ്കൂട്ടത്തിൽ- താൻ എന്താണ് ചെയ്യാൻ പോകുന്നത്. താൻ എന്തെന്ന് പറഞ്ഞു കൊണ്ടുവരും.
യുവതി- ഞാൻ കൊണ്ടുവരില്ല. അത് സേഫ് ആയിരിക്കും. അതിനെ ഇവിടെ കൊണ്ടുവന്നാൽ താൻ കൊന്നു കളയുമെന്ന് എനിക്കറിയാം.
രാഹുൽ മാങ്കൂട്ടത്തിൽ- താൻ എന്താ സിനിമ കാണുകയാണോ ഇത്?
യുവതി- സമ്മതിച്ചു, ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയാണല്ലോ. താൻ ഭയങ്കര പ്രാക്ടിക്കൽ ആയിട്ടുള്ള ഒരാളാണ്. അവർ എന്താണ് ചിന്തിക്കുന്നത്, അവർക്ക് ഇങ്ങനെ സംഭവം ഉണ്ടാകുമ്പോൾ എന്ത് ബോണ്ടിംഗ് ആണ് ഉണ്ടാവുക അതൊന്നും തനിക്ക് അറിയേണ്ടതില്ല. തനിക്ക് തന്റെ ജീവിതം, തന്റെ ഫ്യൂച്ചർ, തന്റെ കാര്യം, എല്ലാം തന്റെ കാര്യം. അത് മാത്രം. നാട്ടിൽ നിൽക്കാൻ പോലും പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്ത് നിൽക്കുന്ന കാര്യമാണ് ഞാൻ പറയുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ- ഞാൻ ഇപ്പോഴും തന്റെ കാര്യമല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്.
യുവതി- എന്നെക്കാൾ പ്രാധാന്യം എന്റെ ലൈഫിൽ വരുന്ന ഒരു കുഞ്ഞിന് ഞാൻ കൊടുക്കുന്നുണ്ട്. അത് എന്റെ സ്നേഹമാണ്. അത് തന്റെ പോലത്തെ സ്നേഹമല്ല.
രാഹുൽ മാങ്കൂട്ടത്തിൽ- ആ കുഞ്ഞ് എങ്ങനെയാണ് വളരുന്നത്.
യുവതി- അത് ഞാൻ നോക്കിക്കോളാം, എനിക്ക് അന്തസ്സായി വളർത്താൻ കഴിയും. തന്റെ ഒരു സഹായവും അതിന് ആവശ്യമില്ല.
രാഹുൽ മാങ്കൂട്ടത്തിൽ- എങ്ങനെ വളരും എന്നാണ് താൻ പറയുന്നത്, താൻ എന്തൊക്കെ ഭ്രാന്താണ് കാണിക്കുന്നത്?
യുവതി- ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഞാൻ ഭ്രാന്ത് കാണിക്കുന്നു എന്നാണോ?
രാഹുൽ മാങ്കൂട്ടത്തിൽ- നമ്മൾ ഇങ്ങനെയാണോ പ്ലാൻ ചെയ്തത്, താൻ എന്താടോ എന്നോട് ഇങ്ങനെ ചെയ്യുന്നത്?
യുവതി- തന്നോട് എന്താടോ ചെയ്തത്?. താനല്ലേ എന്നോട് ചെയ്യുന്നത്, ഇങ്ങനെയൊന്നും ഒരാളോടും ചെയ്യരുത്. ഓപ്പോസിറ്റ് നിൽക്കുന്നത് മനുഷ്യരാണെന്ന് ചിന്ത വേണം. ഞാൻ എന്ത് ചെയ്തെന്നാണ് താൻ പറയുന്നത്. ഞാൻ ചെയ്തത് എന്റെ മനുഷ്യത്വത്തിൽ എന്റെ ശരിയാണ്. തന്നെ ബാധിക്കാൻ വേണ്ടി ഞാൻ എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ?
രാഹുൽ മാങ്കൂട്ടത്തിൽ- എന്റെ ലൈഫിൽ ഇത് ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരുമെന്ന് തനിക്ക് അറിയില്ലേ…
യുവതി- തന്റെ ലൈഫ് തകരില്ലേ?
രാഹുൽ മാങ്കൂട്ടത്തിൽ- ഉറപ്പായും എന്റെ ലൈഫ് തകരും. തകരുന്ന പണിയാണ് നീ ചെയ്യുന്നത്
യുവതി- തന്റെ ലൈഫ് തകരുന്ന ഒരു പണിയും ഞാൻ ചെയ്യില്ല
രാഹുൽ മാങ്കൂട്ടത്തിൽ- എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല.
യുവതി- എന്നെ സ്നേഹം കൊണ്ടല്ല താൻ കാണാൻ വരുന്നതെന്ന് എനിക്കറിയാം. എനിക്ക് നല്ലതുപോലെ അറിയാം. തന്റെ ടെൻഷൻ മാറി കിട്ടണം. അതിന് ഞാൻ ഒരു വസ്തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ..
രാഹുൽ മാങ്കൂട്ടത്തിൽ- എനിക്ക് തന്നെ കൊല്ലാനാണെങ്കിൽ എത്ര സെക്കൻഡ് വേണമെന്നാണ് താൻ കരുതുന്നത്. എത്ര സെക്കൻഡ് വേണമെന്നാണ് താൻ വിചാരിക്കുന്നത്?
യുവതി- എന്നാൽ കൊന്നേര്, അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ള കാര്യം
രാഹുൽ മാങ്കൂട്ടത്തിൽ- തന്നെ കൊല്ലാൻ ആണെങ്കിൽ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത് ?
യുവതി- എന്നിട്ട് താൻ അങ്ങ് മിടുക്കൻ ആയിട്ട് പോകുമോ
രാഹുൽ മാങ്കൂട്ടത്തിൽ (ചിരിക്കുന്നു)
യുവതി- എന്താണെന്ന് വെച്ചാൽ ചെയ്യൂ, തനിക്ക് കൊല്ലാൻ ആണ് തോന്നുന്നതെങ്കിൽ കൊല്ല്.











