
തിരുവനന്തപുരം: ലൈംഗികപീഡനത്തിനിരയാരക്കിയെന്ന യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു, നഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് വിധേയയാക്കി തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടു തവണയും പാലക്കാട്ടെ ഫ്ലാറ്റിൽവെച്ച് ഒരുതവണയും ബലാത്സംഗം ചെയ്തു. ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചു. ഈ ദൃശ്യങ്ങളെ കുറിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അതിനുശേഷം പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണ്. ഇയാളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
2025 മെയ് 30-നാണ് ഈ സംഭവം നടന്നത്. രാഹുലിന്റെ സുഹൃത്ത് ഗുളികയുമായി തിരുവനന്തപുരത്ത് എത്തി. കൈമനത്ത് വെച്ച് ഒരു ചുവന്ന കാറിൽ കയറ്റി ഗുളിക കഴിപ്പിച്ചു. ഈ സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ കോളിലൂടെ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തി.
രാഹുൽ മാങ്കൂട്ടത്തലിനെതിരെ എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ ആറ് വകുപ്പുകളും ജീവപര്യന്തം കഠിനതടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. പ്രധാനമായും ബലാത്സംഗം, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തൽ, മർദ്ദനം, വീടുകയറി ആക്രമിക്കൽ, ഐ.ടി. ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ, വിശ്വാസവഞ്ചന എന്നിവയാണ് ചുമത്തിയിട്ടുള്ളത്.
ബിഎന്‍എസ് 64, 89, 115, 351 വകുപ്പുകളും ഐടി നിയമത്തിലെ 66സി അടക്കമുള്ള വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്. ബിഎന്‍എസ് 64 പ്രകാരം ബലാത്സംഗത്തിന് കുറഞ്ഞതു പത്തുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാം. വാറന്റ് കൂടാതെ പൊലീസിനു പ്രതിയെ അറസ്റ്റ് ചെയ്യാനും കഴിയും. സ്ത്രീയുടെ അനുമതിയില്ലാതെ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുന്നതിന് എതിരെയുളളതാണ് ബിഎന്‍എസ് 89-ാം വകുപ്പ്. ഇതിനും 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.











