
നിയമസഭയിലെത്തിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകരെ കണ്ടെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറായില്ല. ലൈംഗികാരോപണ വിവാദം സംബന്ധിച്ചും പ്രചരിച്ച ഗർഭഛിദ്ര ഓഡിയോ സംബന്ധിച്ചും മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും രാഹുൽ മറുപടി നൽകിയില്ല. അന്വേഷണത്തിലിരിക്കുന്ന കാര്യങ്ങളെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അതേസമയം, മാധ്യമങ്ങൾ തന്നെ ടാർഗറ്റ് ചെയ്യുന്നെന്ന കുറ്റപ്പെടുത്തലും രാഹുൽ ഉയർത്തി.
'വാർത്തകൾ ഇഷ്ടമുള്ളത് കൊടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ യാഥാർത്ഥ്യത്തിന്റെ എന്തെങ്കിലും പരിസരം വേണമെന്ന് അഭ്യർത്ഥനയോടെ പറയുന്നു. പാർട്ടി അനുകൂലമായതോ പ്രതികൂലമായതോ ആയ തീരുമാനമെടുക്കുമ്പോൾ ധിക്കരിക്കാനോ ലംഘിക്കുവാനോ ഒരു കാലത്തും ശ്രമിച്ചില്ല. സസ്പെൻഷനിലാണെങ്കിലും ഇപ്പോഴും പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. സസ്പെൻഷൻ കാലാവധിയിലുള്ള പ്രവർത്തകൻ പ്രവർത്തിക്കേണ്ടതെങ്ങനെയാണെന്ന ബോധ്യം എനിക്കുണ്ട്, അതുകൊണ്ട് തന്നെ ഒരു നേതാവിനെയും കാണാൻ ഞാൻ ശ്രമിച്ചിട്ടില്ല', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ആരോപണങ്ങളിൽ താൻ മൗനത്തിലാണെന്ന് മാധ്യമങ്ങൾ വാർത്ത നൽകിയെന്നും ആരോപണം ഉയർന്നപ്പോൾ തന്നെ വിശദമായി വാർത്താ സമ്മേളനം നടത്തിയ ആളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആദ്യമായി 18ാം വയസിൽ ജയിലിൽ പോയയാളാണ് ഞാൻ. എന്നാൽ ഏറ്റവും കൂടുതൽ കാലം ജയിലിൽ പോയത് പിണറായി സർക്കാരിന്റെ കാലത്താണ്. അതുകൊണ്ട് യാതൊരു ആനുകൂല്യവും എനിക്ക് കിട്ടില്ലെന്ന് ഉറപ്പിക്കാം. എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കിൽ കൊന്നു തിന്നാൻ നിൽക്കുന്ന സർക്കാരിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്, അന്വേഷണം നടക്കട്ടേ', രാഹുൽ പറഞ്ഞു.
മരണം വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കുന്ന ഒരാളാണെന്നും കോൺഗ്രസ് പ്രവർത്തകർ സർക്കാരിനെതിരായ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ ഊർജവും സമയവും വിനിയോഗിക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.











