11:59pm 21 September 2026
NEWS
ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തി
11/12/2025  05:21 PM IST
nila
 ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാനെത്തി. ഇന്നു വൈകിട്ട് 4.50 ഓടെയാണ് എംഎൽഎയുടെ ഔദ്യോഗിക കാറിൽ രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിങ് ബൂത്തിലേക്ക് രാഹുൽ എത്തിയത്. ബലാത്സംഗ കേസിൽ പ്രതിയായതോടെ കഴിഞ്ഞ 15 ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. 

അതേസമയം, വോട്ട് ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തിയും കൂകിവിളിച്ചുമായിരുന്നു പ്രതിഷേധം. കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറിൽ കയറിയ ശേഷം രാഹുൽ‌ പറഞ്ഞു. 

പോളിങ് ബൂത്തിൽ നിന്ന് ചായ കുടിക്കാനായി ഹോട്ടലിലേക്കാണ് രാഹുൽ നേരെ പോയത്. അവിടെ വച്ച് രാഹുൽ മാധ്യമങ്ങളോട് സംസാരിച്ചു. ‘‘എനിക്ക് പറയാനുള്ളതും എനിക്ക് എതിരെ പറയാനുള്ളതും ഏറ്റവും ബഹുമാനപ്പെട്ട കോടതിയ്ക്ക് മുന്നിലുണ്ട്. ഇനി കോടതിയാണ് തീർ‌പ്പുണ്ടാക്കേണ്ടത്. സത്യം ജയിക്കും എന്നാണ് വിശ്വാസം. ബാക്കിയെല്ലാം പിന്നെ പറയാം. തൽക്കാലം ഇതിന് അപ്പുറം ഒന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. ഇന്ന് ഇത്രയേ പറയാൻ ഉദ്ദേശിക്കുന്നുള്ളൂ. ഇതിനപ്പുറം ഇന്ന് കിട്ടത്തില്ല. എന്റെ പ്രതികരണം ഇവിടെ അവസാനിച്ചു. ബാക്കിയെല്ലാം നിങ്ങൾക്ക് ഊഹിക്കാം. ഇവിടെ തന്നെ ഉണ്ടാകും. തൽക്കാലം ഒരു ചായ കുടിക്കണം. മൈക്കൊന്ന് മാറ്റിയാൽ ചായ കുടിക്കാം’’ – രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img