അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ കുറിച്ച് സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതി ഇപ്പോഴും വിവാഹമോചിതയല്ലെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. രാഹുൽ ഈശ്വർ യുട്യൂബിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് മറുപടിയായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ ഇക്കാര്യം പറയുന്നത്. പരാതിക്കാരിയുടെ വിവാഹ ബന്ധം നാലു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞത് തെറ്റാണെന്നും സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.
യുവതിയുടെ വിവാഹത്തിൽ താൻ പങ്കെടുത്തിരുന്നെന്നും യുവതിയും ഭർത്താവും മാസങ്ങളോളം തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു എന്നും സന്ദീപ് വാര്യർ പറയുന്നു. അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണെന്നും സന്ദീപ് വാര്യർ അറിയിച്ചു. അതേസമയം രാഹുലുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടിയുടെ നിലപാടിനൊപ്പമാണ് താനെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...
പ്രിയപ്പെട്ട രാഹുൽ ഈശ്വർ, എന്നെ അഭിസംബോധന ചെയ്ത് താങ്കൾ യൂട്യൂബിൽ ചെയ്ത വീഡിയോ കണ്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വളരെ വിവാദമായ ഒരു കേസിൽ , പ്രത്യേകിച്ച് ഒരു പെൺകുട്ടി നൽകിയിരിക്കുന്ന കേസിൽ അഭിപ്രായം പറയുന്നതിലെ ശരിയും ശരികേടും എന്നെ ചിന്താ കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ പോലും സത്യം പറയാൻ മടിക്കേണ്ടതില്ല എന്നതുകൊണ്ട് പറയുകയാണ്.
താങ്കൾ യൂട്യൂബിൽ പറഞ്ഞതുപോലെ ആ വിവാഹത്തിൽ ഞാൻ പങ്കെടുത്തതാണ്. അവരുടെ വിവാഹ ബന്ധം നാലുദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്ന് കോടതിയിൽ പെൺകുട്ടിയുടെ അഭിഭാഷകൻ ഉന്നയിച്ച വാദം ശരിയല്ല. മാസങ്ങളോളം അവർ തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു . ഇത് സത്യമാണ്. ഇതെനിക്കറിയാവുന്നതാണ്. മാത്രമല്ല അവർ ഇപ്പോഴും വിവാഹമോചിതരല്ല. ഗുരുവായൂരിൽ താലികെട്ടിയതാണ്.
ഞാൻ അറിയാവുന്ന ഇത്രയും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണ് .
എന്നാൽ ആരോപണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതാണ് എന്റെ നിലപാട്. സത്യം വിജയിക്കട്ടെ.











