
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അഭിനന്ദിച്ച് സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ. ശ്രീനാദേവി മികച്ച വനിതാ നേതാവാണെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാക്കുകൾ. കേരളത്തിലെ സ്ത്രീ–പുരുഷ ജനങ്ങളുടെ പ്രതീക്ഷയായി ഉയർന്നുവരുന്ന നേതാവാണെന്നും, ഭാവിയിൽ മന്ത്രിയായി പോലും സംസ്ഥാനത്തെ നയിക്കാൻ ശേഷിയുള്ള വ്യക്തിയാണെന്നും രാഹുൽ ഈശ്വർ പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസിൽ ശ്രീനാദേവി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. വിഷയത്തിൽ അതിജീവിതന്റെ ഒപ്പമാണെന്ന നിലപാടാണ് താൻ സ്വീകരിക്കുന്നതെന്ന് വീഡിയോയിൽ ശ്രീനാദേവി വ്യക്തമാക്കുന്നു. ‘അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ. സത്യം ജയിക്കട്ടെ. സത്യം അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്ന് കോടതി തീരുമാനിക്കട്ടെ. അതുവരെ രാഹുൽ ക്രൂശിക്കപ്പെടേണ്ടതില്ല’ എന്നായിരുന്നു ശ്രീനാദേവിയുടെ പ്രതികരണം.
ചിലർ അജണ്ട വച്ച് നടത്തുന്ന പ്രചാരണങ്ങളുടെയും കഥാപ്രസംഗങ്ങളുടെയും യാഥാർഥ്യം പരിശോധിക്കേണ്ടതുണ്ടെന്നും, ആരോപണങ്ങൾക്കുപിന്നിൽ വസ്തുതകളുണ്ടോയെന്ന് വിലയിരുത്തേണ്ടത് അനിവാര്യമാണെന്നും ശ്രീനാദേവി വീഡിയോയിൽ പറഞ്ഞു. ഇത്തരം കരുതലും മാനുഷിക സമീപനവും വ്യക്തിപരമായ വിഷയങ്ങളിലും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിഷയങ്ങളിലും ഒരുപോലെ ഉണ്ടാകുന്നുണ്ടോയെന്നും പരിശോധിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിൽ പീഡനാരോപണം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നുവെന്നും, രണ്ടാം പരാതിയിലും കോടതി സംശയം രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് ശ്രീനാദേവിയുടെ വാദം. ശ്രീനാദേവിയുടെ നിലപാടിനെ പിന്തുണച്ചാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം. നിയമനടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് ഒരാളെ പൊതുസമൂഹത്തിൽ വിചാരണ ചെയ്യുന്നത് ശരിയല്ലെന്ന അഭിപ്രായവും ഇതോടൊപ്പം ഉയരുകയാണ്.











