
പത്തനംതിട്ട: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധ പരിപാടി വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സി.പി.എം. വനിതാ നേതാവിന് പറയാനുണ്ടായിരുന്നത് 'പീഡന'ത്തിന്റെ വിവിധ സ്കെയിലുകൾ. രാഹുൽ മാങ്കൂട്ടത്തിലിന്റേത് 'തീവ്രത കൂടിയ പീഡനം' ആണെങ്കിൽ, നടനും എം.എൽ.എയുമായ എം. മുകേഷിന്റേത് വെറും 'തീവ്രത കുറഞ്ഞ പീഡനം' മാത്രമാണെന്നാണ് വനിതാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം തുറന്നടിച്ചത്!
"മുകേഷിന്റെ 'പീഡനം' അങ്ങോട്ട് അംഗീകരിക്കപ്പെട്ടിട്ടില്ല, കൃത്യമായ തെളിവുകളുമില്ല. അതുകൊണ്ട് ശിക്ഷാ നടപടിയും ഉണ്ടായില്ല. എന്നാൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതിന്റെയൊക്കെ കാര്യത്തിൽ ഒരുപടി മുന്നിലാണ്," നേതാവ് പറഞ്ഞു.
പത്തനംതിട്ടയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർണ്ണയിക്കുന്നതിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വാധീനം വ്യക്തമാക്കിക്കൊണ്ടായിരുന്നു നേതാവിന്റെ അടുത്ത പ്രഹരം. "അടൂർ നഗരസഭയിലെ ഫെന്നിനൈനാൻ, പള്ളിക്കൽ പഞ്ചായത്തിലെ പഴകുളം ശിവദാസൻ, ജില്ലാ പഞ്ചായത്തിലെ ശ്രീനാദേവി കുഞ്ഞമ്മ എന്നിവരൊക്കെ രാഹുലിന്റെ സ്വന്തം ടീമാണ്," നേതാവ് കൂട്ടിച്ചേർത്തു.
എന്തായാലും, ഈ 'പീഡന' സ്കെയിൽ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്!











