
കൊച്ചി: സംസ്‌ഥാനത്തെ തകർന്നു കിടക്കുന്ന ആരോഗ്യമേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും എണ്ണം വർധിപ്പിക്കും. കേരളത്തിലെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി. ഫോർട്ടുകൊച്ചി വെളി ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏത് രാജ്യത്തിലും മലയാളി നഴ്‌സുമാരുടെ അർപ്പണ മനോഭാവം കാണാം. കേരളത്തിന്‍റെ തനിമയും പാരമ്പര്യവും ഉയർത്തിപിടിക്കുന്നവരാണ് കേരളത്തിലെ നഴ്‌സുമാർ. രോഗിയുടെ മതവും ജാതിയും നോക്കാതെ നഴ്‌സുമാർ രോഗികളെ പരിചരിക്കുമെന്നും രാഹുൽ പ്രകീർത്തിച്ചു. കേരളത്തിൽ സിപിഎം, ബിജെപി, ആർ എസ് എസ് പങ്കാളിത്ത കൂട്ടുകച്ചവടം നടക്കുന്നു. അമ്പലങ്ങളെ കുറിച്ചും മതത്തെ കുറിച്ചും ദൈവങ്ങളെ കുറിച്ചും നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി കേരളത്തിൽ വരുമ്പോൾ ശബരിമലയെ കുറിച്ച് മൗനം പാലിക്കുന്നു. കേരളത്തിൽ വന്നാൽ ഇത് മൂന്നും അദ്ദേഹം മറക്കും.ശബരിമല ക്ഷേത്രത്തിൽ നടന്നത് ഏറ്റവും വലിയ കുറ്റകൃത്യമാണ്. സിപിഎം നേതാക്കൾ സ്വർണം ചെമ്പാക്കിയിട്ടും പ്രധാനമന്ത്രിക്കു ഒരു വാക്ക് പോലും പറയാനില്ലേ. പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് ഇടതുമുന്നണിയുടെ വിജയമാണ്. ഇടതുമുന്നണി ബിജെപിക്ക് ഒരിക്കലും ഭീഷണിയാകാൻ കഴിയില്ലെന്ന് മോദിക്കറിയാം. മണിപ്പൂരിൽവലിയ പാതകമാണ് ബിജെപി ചെയ്തത്. പള്ളികൾ കത്തിക്കാൻ കൂട്ട നിന്നു, കേരളത്തിലെ നഴ്‌സുമാരെ ഛത്തീസ്ഗഡിൽ ആക്രമിച്ചത് ആർ എസ് എസ് ആണ്. ഇവരുമായി കൂട്ടുകൂടാൻ പിണറായി വിജയന് ഒരു മടിയുമില്ല. കേരളത്തിലെ ഇടതു സർക്കാരിന്റെ പങ്കാളികളാണ് ബിജെപിയും ആർ എസ് എസും. കേന്ദ്ര സർക്കാർ എന്നെ നിരന്തരം ദ്രോഹിക്കുന്നു, 55 മണിക്കൂറാണ് ഇ ഡി ചോദ്യം എന്നെ ചെയ്തത്, രാഹുൽ പറഞ്ഞു. എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത്. എന്ത് കൊണ്ടാണ് സിപിഎം നേതാക്കളെ ഇ ഡിയും ഇൻകം ടാക്‌സും പീഡിപ്പിക്കാത്തത്. പിണറായി അഴിമതി മറയ്ക്കാൻ വിട്ടുവീഴ്ച ചെയ്യുന്നതുകൊണ്ടാണിതെന്നും രാഹുൽ പറഞ്ഞു. ട്രംപിന് മുന്നിൽ മോഡി വിട്ടുവീഴ്ച ചെയ്യുന്നത് പോലെയാണ് പിണറായി മോദിക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്യുന്നത്. ആത്മാർഥതയുള്ള ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും ഇത് മനസിലാക്കണം. ഇടതുമുന്നണി അധികാരത്തിനു വേണ്ടി മാത്രം നിലനിൽക്കുന്നു. സിപിഎമ്മിനു താല്പര്യം ഉള്ളവർക്ക് മാത്രമേ സർക്കാർ ജോലി ലഭിക്കുന്നുള്ളൂ. ആരോഗ്യമേഖല തകർന്നു. സ്വന്തം മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്ന ആൾക്ക് എങ്ങനെ നടന്നു നന്നാക്കാൻ കഴിയും. മുഖ്യമന്ത്രിയുടെ മുൻകാല ചെയ്തികൾ അദ്ദേഹത്തെ കുരുക്കിലാക്കി. ഇതിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത് കർഷകരും മത്സ്യത്തൊഴിലാളികളുമാണ്. സ്ത്രീകളുടെ ജീവിതം ലളിതമാക്കണം. സമൂഹത്തെ ശാക്തീകരിക്കണമെങ്കിൽ സ്ത്രീകളെ വേണ്ടരീതിയിൽ പരിഗണിക്കണം. ഏത് മേഖലയിലായാലും സ്ത്രീകളെ ശാക്തീകരിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.യുഡിഎഫ് സ്‌ഥാനാർഥികളായ ദീപക് ജോയ്, മുഹമ്മ്ദ് ഷിയാസ്, ടോണി ചമ്മിണി, ടി ജെ വിനോദ്, ഉമാ തോമസ്, കെ സി വേണുഗോപാൽ, ഹൈബി ഈഡൻ എം പി തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google








