08:31am 22 July 2026
NEWS
നീറ്റ് ക്രമക്കേടിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല; അതിനാലാണ് പ്രതിഷേധമെന്നും രാഹുൽ ഗാന്ധി
22/07/2026  06:50 AM IST
nila
നീറ്റ് ക്രമക്കേടിൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല; അതിനാലാണ് പ്രതിഷേധമെന്നും രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിലെ ക്രമക്കേടുകൾ പാർലമെന്റിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ സർക്കാർ അതിന് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. വീഡിയോ സന്ദേശത്തിലൂടെയാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്. 

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ തന്നെ ബുധനാഴ്ച പരീക്ഷാ ക്രമക്കേടുകൾ വിശദമായി ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച രാഹുൽ, അവരുടെ ആശങ്കകൾ പാർലമെന്റിൽ ഉയർത്തേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.

ഇന്ന് രാവിലെ ലോക്‌സഭാ സ്പീക്കറെ നേരിൽ കണ്ട് വിഷയത്തിന്റെ ഗൗരവം അറിയിച്ചിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി. എന്നാൽ, ഈ വിഷയത്തിൽ ചർച്ചയ്ക്ക് അനുമതി നൽകാൻ സർക്കാരിന്റെ സമ്മതം ആവശ്യമാണെന്നാണ് സ്പീക്കർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് സർക്കാർ ഈ വിഷയത്തിൽ ചർച്ച നടത്താൻ താൽപര്യമില്ലെന്ന കാര്യം വ്യക്തമായതായും, അതിനാലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. പരീക്ഷാ ക്രമക്കേടുകൾ മൂലം വിദ്യാർഥികൾ നേരിടുന്ന ആശങ്കകൾ അവഗണിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷക്രമക്കേടുകൾക്കെതിരെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്. മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും കടുത്ത ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

മല്ലികാർജ്ജുന ഖർഗെയുടെ വസതിയിൽ ജന്മദിനാഘോഷത്തിന് എന്ന പേരിൽ സംഘടിച്ച രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ അപ്രതീക്ഷിതമായാട്ടാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചായി നീങ്ങിയത്. പ്രധാനമന്ത്രിയുടെ വസതിയുടെ അതീവസുരക്ഷാഗേറ്റിലേക്ക് ജാഥയായി എത്തിയ നേതാക്കൾ ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുലും പ്രിയങ്കയും കൂടാതെ കോൺഗ്രസ് അധ്യക്ഷൻ ഖർഗെ, കെസി വേണുഗോപാൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരും പ്രതിഷേധത്തിനിരുന്നു. കേരള ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വിഡി സതീശനും മന്ത്രി പിസി വിഷ്ണുനാഥും പാർട്ടി നിർദ്ദേശ പ്രകാരം പ്രതിഷേധ സ്ഥലത്തെത്തി. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും സമരത്തിന്റെ ഭാഗമായി. അപ്രതീക്ഷിത നീക്കത്തിൽ പ്രതിരോധത്തിലായ ദില്ലി പൊലീസ് അനുനയത്തിന് ശ്രമിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല. തുടർന്ന് ചർച്ചയ്ക്കായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമമന്ത്രി ജീതേന്ദ്ര സിങ്ങ് സ്ഥലത്ത് എത്തി. രാഹുൽ ഗാന്ധിയുമായി മന്ത്രി സംസാരിച്ചെങ്കിലും, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻറെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന് രാഹൽ ഗാന്ധി അറിയിച്ചു. പിന്നാലെ ന്യൂദില്ലി ഡിസിപി ഉൾപ്പെടെ വീണ്ടും അനുനയത്തിന് ശ്രമിച്ചു. പരാജയപ്പെട്ടതോടെയാണ് ബലമായി നേതാക്കളെ നീക്കാൻ പൊലീസ് തീരുമാനിച്ചത്. പിന്നാലെ കനത്ത നടപടി. അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ വലിയ സംഘർഷമുണ്ടായി. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരിക്കേറ്റു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img