08:37pm 02 May 2026
NEWS
തേൻകെണി വിവാദത്തിൽ രാഹുൽഗാന്ധിയ്ക്ക് അതൃപ്തി; ഡിസംബർ വരെ പാർട്ടിയിലും ഗവണ്മെന്റിലും തൽസ്ഥിതി തുടരാൻ നിർദ്ദേശം.
05/04/2025  11:51 AM IST
വിഷ്ണുമംഗലം കുമാർ
തേൻകെണി വിവാദത്തിൽ രാഹുൽഗാന്ധിയ്ക്ക് അതൃപ്തി; ഡിസംബർ വരെ പാർട്ടിയിലും ഗവണ്മെന്റിലും തൽസ്ഥിതി തുടരാൻ നിർദ്ദേശം

കഴിഞ്ഞ മൂന്നുദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, മറ്റുചില മന്ത്രിമാർ എന്നിവർ ഡൽഹിയിലായിരുന്നു. മന്ത്രിസഭ പുനസംഘടന, പുതിയ പിസിസി അധ്യക്ഷനെ തീരുമാനിക്കൽ, തേൻകെണി വിവാദം അങ്ങനെ ഹൈക്കമാണ്ടുമായി ഒറ്റയ്ക്കും കൂട്ടായും ചർച്ചചെയ്യാൻ  സുപ്രധാന വിഷയങ്ങളുണ്ടായിരുന്നു. ചാണക്യപുരിയിൽ പുതുതായി പണികഴിപ്പിച്ച, കാവേരി എന്ന് പേരിട്ട കർണാടക ഭവന്റെ ഉദ്ഘാടനവും നടന്നു. എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ് ഘാടനം നിർവ്വഹിച്ചത്. 2019 ൽ 66.1 കോടി ബഡ്ജറ്റിൽ പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന കർണാടകഭവന്റെ നിർമ്മാണം കോവിഡ്, സംസ്ഥാനത്തെ ഭരണമാറ്റം എന്നീ കാരണങ്ങളാണ് നീണ്ടുപോയത്. ഇപ്പോൾ പണി പൂർത്തിയായപ്പോൾ ചെലവായത് 138 കോടി രൂപ. മുഖ്യമന്ത്രി സിദ്ധരാമയ്യ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും പ്രത്യേകം സന്ദർശിച്ചിരുന്നു. തേൻകെണി വിവാദം കോൺഗ്രസ്സിന് അരോചകമാവുന്ന വിധത്തിൽ ദേശീയതലത്തിൽ ചർച്ചയായതിലുള്ള അതൃപ്തി രാഹുൽ പ്രകടിപ്പിച്ചു. സിദ്ധരാമയ്യയുടെ വിശ്വസ്തനും സഹകരണമന്ത്രിയുമായ കെ എൻ രാജണ്ണയാണ് താൻ തേൻകെണി ഭീഷണിയുടെ ഇരയാണെന്ന് നിയമസഭയിൽ തുറന്നുപറഞ്ഞത്. ബിജെപി നേതാക്കൾ വെളിപ്പെടുത്തിയതിനാലാണ് അദ്ദേഹത്തിന് അത് സമ്മതിക്കേണ്ടിവന്നത്. നാൽപ്പതോളം പേർ തേൻകെണി ഭീഷണി നേരിട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.  ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവാണ് തേൻകെണിയ്ക്ക് പിന്നിലെന്ന പ്രതിപക്ഷ വ്യാഖ്യാനവും മാധ്യമവിശകലനവുമാണ് കോൺഗ്രസ്സിന് വിനയായത്.ആ വിഷയം പക്വതയോടെ കൈകാര്യം ചെയ്യണമായിരുന്നെന്നും ദേശീയതലത്തിൽ ചർച്ചയായത് നാണക്കേടായെന്നും രാഹുൽ സിദ്ധരാമയ്യയെ അറിയിച്ചു. ബിജെപി നേതാക്കൾ വെളിപ്പെടുത്തിയതിനാലാണ് രാജണ്ണയ്ക്ക് അത് ശരിവെക്കേണ്ടിവന്നതെന്ന് സിദ്ധരാമയ്യ രാഹുലിനെ ബോധ്യപ്പെടുത്തി. സി ഐ ഡി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പേരിനൊരു പരാതി കൊടുത്തിരുന്നെങ്കിലും പാർട്ടിയിൽ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് തേൻകെണിയ്ക്ക് ഊന്നൽ നൽകാതെ മന്ത്രി രാജണ്ണ ഒഴിഞ്ഞുമാറുന്നതാണ് പിന്നീട് കണ്ടത്. മന്ത്രിസഭാ പുനഃ സംഘടന, പിസിസി അധ്യക്ഷ മാറ്റം എന്നിവ ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്നും ഡിസംബർ വരെ തൽസ്ഥിതി തുടരാനുമാണ് ഹൈക്കമാണ്ട് സിദ്ധരാമയ്യയ്ക്ക് നിർദ്ദേശം നൽകിയത്. ഡിസംബറിൽ സിദ്ധരാമയ്യ മുഖ്യമന്ത്രി പദവിയിൽ രണ്ടര വർഷം പൂർത്തിയാക്കും. ഒരുപക്ഷെ അപ്പോൾ മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും മാറിക്കൂടായ്കയില്ല. മുഡ കേസ് വീണ്ടും ചൂടുപിടിച്ചത് സിദ്ധരാമയ്യയുടെ വിലപേശൽ ശക്തി കുറച്ചിട്ടുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img